1 |
അമ്മ കന്യാമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും |
2 |
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷര്‍ക്ക്
ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ, |
3 |
എന്‍ മനോവാക്കിന്വശമ്പോല് പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കില്‍ പറയാമല്പം |
4 |
സര്‍വ്വമാനുഷര്‍ക്കുവന്ന സര്‍വ്വദോഷോത്തരത്തിനായ്
സര്വ്വനാഥന് മിശിഹായും മരിച്ചശേഷം |
|
|
5 |
സര്‍വ്വനന്മക്കടലോന്റെ, സര്‍വ്വപങ്കപ്പാടു കണ്ടു
സര്‍വ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി |
6 |
കുന്തമമ്പ് വെടി ചങ്കില് കൊണ്ടപോലെ മനംവാടി
തന് തിരുക്കാല്‍ കരങ്ങളും തളര്‍ന്നു പാരം |
7 |
ചിന്തമെന്തു കണ്ണില്‍ നിന്നു ചിന്തി വീഴും കണ്ണുനീരാല്‍
എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ |
8 |
അന്തമറ്റ സര്വ്വനാഥന് തന് തിരുക്കല്പനയോര്‍ത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം |
|
|
9 |
എന്‍ മകനേ! നിര്‍മ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര! |
10 |
പണ്ടുമുന്നോര്‍ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവന് നീ മകനായി പിറന്നോ പുത്ര! |
11 |
ആദമാദി നരവര്‍ഗ്ഗം ഭീതി കൂടാതെ പിഴച്ചു
ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര! |
12 |
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര! |
|
|
13 |
മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കില്‍
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര! |
14 |
വാര്‍ത്ത മുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര! |
15 |
മാനുഷര്‍ക്ക് നിന് പിതാവു മനോഗുണം നല്കുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര! |
16 |
ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍
ചിന്തി ചോര വിയര്‍ത്തു നീ കുളിച്ചോ പുത്ര! |
|
|
17 |
വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോര ചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര! |
18 |
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിച്ചോ പുത്ര! |
19 |
ഇങ്ങനെ നീ മാനുഷര്‍ക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര! |
20 |
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായ്
കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര! |
|
|
21 |
ഒത്തപോലെ ഒറ്റി കള്ളന് മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര! |
22 |
എത്ര നാളായ് നീയവനെ, വളര്‍ത്തുപാലിച്ച നീചന്
ശത്രുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര! |
23 |
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്ര! |
24 |
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര! |
|
|
25 |
പിന്നെ ഹന്നാന്‍ തന്റെ മുന്പില് വെച്ചു നിന്റെ കവിളിന്മേല്
മന്നിലേയ്ക്കു നീച പാപിയടിച്ചോ പുത്ര! |
26 |
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദ ചെയ്തു നിന്നെ നീചന് വിധിച്ചോ പുത്ര! |
27 |
സര്‍വ്വരേയും വിധിക്കുന്ന സര്‍വ്വസൃഷ്ടി സ്ഥിതി നാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര! |
28 |
കാരണം കൂടാതെ നിന്നെ കൊലചെയ്യാന്‍ വൈരിവ്യന്ദം
കാരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്ര! |
|
|
29 |
പിന്നെ ഹെറോദേസുപക്കല്‍, നിന്നെയവര്‍ കൊണ്ടുചെന്നു
നിന്ദ ചെയ്തു പരിഹസിച്ചയച്ചോ പുത്ര! |
30 |
പിന്നെയധികാരി പക്കല്‍ നിന്നെയവന് കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്ര! |
31 |
എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്ര! |
32 |
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്ര! |
|
|
33 |
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര! |
34 |
ഉള്ളിലുള്ള വൈരമോടെ; യൂദര്‍ നിന്റെ തലയിന്മേല്
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്ര! |
35 |
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്ര! |
36 |
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര! |
|
|
37 |
നിന് തിരുമേനിയില്‍ ചോര, കുടിപ്പാനാവൈരികള്‍ക്കു
എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്ര! |
38 |
നിന് തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര! |
39 |
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര? |
40 |
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര! |
|
|
41 |
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര! |
42 |
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പറിക്കുമ്പോല്‍
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര! |
43 |
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര! |
44 |
ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തു ചെയ്തു
നീയനന്ത ദയയല്ലാ ചെയ്തതു പുത്ര! |
|
|
45 |
ഈ മഹാപാപികള്‍ ചെയ്ത ഈ മഹാനിഷ്ഠുരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര! |
46 |
ഭൂമി മാനുഷര്‍ക്കു വന്ന ഭീമഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര! |
47 |
ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജരുസലം നഗര്‍ നീളെ നടത്തി പുത്ര! |
48 |
വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളില്‍ നീയണഞ്ഞോ പുത്ര! |
|
|
49 |
ചോരയാല്‍ നിന് ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര! |
50 |
ആദമെന്ന പിതാവിന്റെ തലയില്‍ വന്മരം തന്നില്‍
ആദിനാഥാ കുരിശില്‍ നീ തൂങ്ങിയോ പുത്ര! |
51 |
ആണിയിന്മേല് തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര! |
52 |
ആണികൊണ്ടു നിന്റെ ദേഹം തുളച്ചതിന് കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിനാളവോ പുത്ര! |
|
|
53 |
വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമില്ലയോ പുത്ര! |
54 |
അരിയകേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍
തിരുമകന്‍ മുന്നില്‍ വന്നാചരിച്ചു പുത്ര! |
55 |
അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ, പുത്ര! |
56 |
അതില്‍ പിന്നെയെന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊള്വാനെന്തിനു പുത്ര! |
|
|
57 |
ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്ര! |
58 |
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാല്‍
കണ്ണിനാനന്ദവും ഭാഗ്യസൂഖമേ പുത്ര! |
59 |
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കുംപോല് മുറിച്ചോ പുത്ര! |
60 |
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര! |
|
|
61 |
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്ര! |
62 |
നിന്റെ ചങ്കില് ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-
യെന്റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്ന്നോ പുത്ര! |
63 |
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താല്‍
മാനുഷര്‍ക്ക് മാനഹാനിയൊഴിച്ചോ പുത്ര! |
64 |
സുര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര! |
|
|
65 |
ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
ഭൂമി നാഥാ ദുഃഖമോടെ ദുഃഖമേ പുത്ര! |
66 |
പ്രാണനില്ലാത്തവര്‍കൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമെന്തിതു പുത്ര! |
67 |
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്ര! |
68 |
കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്റെ മനസ്സയ്യോ
തെല്ലു കൂടെയലിവില്ലാതെന്തിതു പുത്ര! |
|
|
69 |
സര്‍വ്വലോക നാഥനായ നിന്മരണം കണ്ട നേരം
സര്‍വ്വദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം |
70 |
സര്‍വ്വദുഃഖക്കടലിന്റെ നടുവില്‍ ഞാന്‍ വീണുതാണു
സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്ര! |
71 |
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കില്‍
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര! |
72 |
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍
എന്മനസ്സില് തണുപ്പില്ല നിര്‍മ്മല പുത്ര! |
|
|
73 |
വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര! |
74 |
നിന് ചരണ ചോരയാദം തന് ശിരസ്സിലൊഴുകിച്ചു
വന്‍ ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്ര! |
75 |
മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേല് തൂങ്ങി നീയും മരിച്ചോ പുത്ര! |
76 |
നാരീകയ്യാല് ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര! |
|
|
77 |
ചങ്കിലും ഞങ്ങളെയങ്ങു ചേര്ത്തുകൊള്വാന് പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര! |
78 |
ഉള്ളിലേതും ചതിവില്ലാതുള്ള കൂറെന്നറിയിപ്പാന്‍
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര! |
79 |
ആദി ദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദി നാഥാ! മോക്ഷവഴി തെളിച്ചോ പുത്ര! |
80 |
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലില്‍ വീട്ടുവാനായ്
അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര? |
|
|
81 |
പള്ളി തന്റെയുള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര! |
82 |
പളളിയകത്തുള്ളവര്ക്ക് വലയുമ്പോള്‍ കൊടുപ്പാനായ്
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര! |
83 |
ഇങ്ങനെ മാനുഷര്‍ക്കു നീ മംഗല ലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര! |
84 |
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളിക തായേ! |
|
|
85 |
നിന്മകന്റെ ചോരയാലെയെന് മനോദോഷം കഴുകി
വെണ്മ നല്കീടണമെന്നില് നിര്‍മ്മല തായേ! |
86 |
നിന്മകന്റെ മരണത്താലെന്റെയാത്മ മരണത്തെ
നിര്‍മ്മലാംഗി നീക്കി നീ കൈതൂക്കുക തായേ! |
87 |
നിന്മകങ്കലണച്ചെന്നെ നിര്‍മ്മല മോക്ഷം നിറച്ച്
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാല്‍ |
|
|
|
— പന്ത്രണ്ടാം പാദം സമാപ്തം — |