Puthen Pana – Paadham 14 (Inni Vaasamenikkilla)


in

Puthen Pana

പതിന്നാലാം പാദം

കര്‍ത്താവു തന്റെ മാതാവിനും ശിഷ്യര്‍ക്കും ഒടുക്കം കാണപ്പെട്ടു തന്റെ മോക്ഷാരോഹണവും റൂഹാദക്കുദശായെ യാത്രയാക്കുന്ന വിവരവും ശിഷ്യര്‍ക്കു വരുന്ന സങ്കടങ്ങളില്‍ അവരെ സഹായിക്കുമെന്നും മറ്റും അരുളിച്ചെയ്‌തതും, അവരുടെ മുമ്പാകെ കര്‍ത്താവു മോക്ഷത്തില്‍ എഴുന്നെളളിയതും, പത്താംനാള്‍ റൂഹാദ്‌ക്കുദശാ ഇറങ്ങിയതും, തന്റെ ശിഷ്യരില്‍ റൂഹാദ്‌ക്കുദശായുടെ വെളിവു പ്രകാശിച്ചതും, ശ്ലീഹന്മാര്‍ പല ഭാഷകള്‍ സംസാരിക്കുന്നതു കേട്ട് എല്ലാ ജനങ്ങളും അത്ഭുതപ്പെട്ടതും, കേപ്പാ പ്രസംഗിച്ചിതിന്മേല്‍ എല്ലാവരും അറിഞ്ഞു ആഗ്രഹിച്ചുകൊണ്ട് അവരില്‍ മൂവായിരം ജനങ്ങള്‍ സത്യത്തെ അനുസരിച്ച് മാമ്മോദീസാ കൈക്കൊണ്ടതും, ശ്ലീഹന്മാര്‍ സത്യവേദം അറിയിപ്പാനായി എര്‍ദ്ദിക്കിലേയ്‌ക്കു തിരിഞ്ഞതും.


1 “ഇന്നിവാസമെനിക്കില്ല ഭൂമിയില്‍
എന്നമ്മയോടും ശിഷ്യജനത്തോടും
2 എന്‍ പിതാവെന്നെ പാര്‍ത്തു വിളിക്കുന്നു
ഞാന്‍ പോവാന്‍ വട്ടംകൂട്ടുന്നു കന്യകേ!
3 ഞാന്‍ പോയാലുമമ്മേ! നിന്‍ ബുദ്ധിയിലും
മാനസത്തിലും പാര്‍ക്കുമല്ലോ സദാ
4 സൂര്യന്‍ കണ്ണാടിയിലെന്നതുപോലെ
ആര്യന്‍ നിന്റെയാത്മാവില്‍ വിളങ്ങുന്നു.
5 എന്നെക്കാണ്മതിനാശ വര്‍ദ്ധിക്കിലോ,
ഞാന്‍ സമീപത്തുണ്ടെന്നു ധരിച്ചാലും
6 സര്‍വ്വമംഗലപ്രാപ്‌തിക്കു കാലമായ്
സര്‍വ്വസുലോകരാരാധിക്കുന്നത്
7 സുലോകംപ്രതി പുറപ്പെടുന്നു ഞാന്‍
ആ ലോകമെന്നേയാഗ്രഹിക്കുന്നിത്
8 നിന്നെക്കൂടവേ കൊണ്ടുപോയീടുവാന്‍
ഇന്നു ബാവാടെ കല്‌പനയില്ലല്ലോ
9 സ്വര്‍നിധി നിനക്കിന്നിയും കൂടുവാന്‍
നിന്‍വൃത്തി ഫലമിതല്ലോ കന്യകേ
10 ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാളില്‍
സംഗതിയതിനെന്നറിഞ്ഞല്ലോ നീ
11 ഭാഗ്യലോക സുഖമേകമേയുള്ളൂ
ഭാഗ്യകാരണധനങ്ങള്‍ നേടുക
12 ഈ ലോകത്തിലെയതിനുളള യത്നം
ആ ലോകത്തിലാനന്ദിച്ചു വാഴുവാന്‍
13 ചന്ദ്രാദിത്യനുമൊന്നിച്ചു വാങ്ങുമ്പോള്‍
മന്ദം ഭൂമിയില്‍ കൂരിരുട്ടായ് വരും.
14 മാതാപിതാവങ്ങോന്നിച്ചു വാങ്ങിയാല്‍
പുത്രന്മാര്‍ക്കപ്പോളെന്തു തണുപ്പുള്ളു!
15 ഞാന്‍ ഫലവൃക്ഷം നട്ടുമുളപ്പിച്ചു
നിന്‍ ദയയാലതു വളരേണം
16 എന്തു വേണ്ടുവതൊക്കെയും ചൊല്‍ക നീ
ഒത്തപോലെ ഞാന്‍ കല്‌പിപ്പാന്‍ സര്‍വ്വതും
17 പോയാല്‍ ഞാന്‍ പിന്നെ റൂഹായെയയപ്പാന്‍
അയാള്‍ നിന്നെയുമേറെ സ്‌നേഹിക്കുന്നു
18 നിന്നില്‍ വാസമയ്യാള്‍ക്ക് വേണമതും
തന്‍ തിരുമനസ്സാവിധമായത്
19 അപരിച്‌ഛേദ്യ ഗുണസഞ്ചയത്താല്‍
സംപൂര്‍ണ്ണം നിനക്കയ്യാള്‍ വരുത്തീടും
20 നിന്നെക്കൂട്ടിക്കൊണ്ടു പോവതിനു ഞാന്‍
പിന്നെയും വരുമെന്നറിഞ്ഞാലും
21 എന്റെ ശ്ലീഹാകളെന്റെ ശിഷ്യന്മാരും
എനിക്കുള്ളവരെന്നതറിവല്ലോ
22 അവര്‍ക്കു ഗുണം ചൊല്ലിക്കൊടുക്കണം
ഞാന്‍ വൃഥാ നിന്നോടെന്തുപറയുന്നു!
23 ഞാന്‍ ചൊല്ലാഞ്ഞാലും നീയതു ചെയ്‌തീടും
ഞാന്‍ കല്‌പിച്ചിട്ടു ചെയ്യുന്നതിഷ്‌ടമാം
24 എന്നാല്‍ ചെയ്‌താലും പിതാവിതിങ്ങനെ
നിന്നോടു കല്‌പിച്ചെന്നതറിഞ്ഞാലും
25 നിന്റെയപേക്ഷകൊണ്ടു മമ സഭ
ജനനിയെ! വര്‍ദ്ധിക്കേണം ഭൂമിയില്‍
26 എനിക്കമ്മപോലെയെന്നുമമ്മ നീ
സന്തോഷം വാഴ്‌ക മല്‍പ്രിയ കന്യകേ
27 “പുത്ര! പോകു നീ” എന്നു നാരീമണി
“ധാത്രി നിനക്കു യോഗ്യസ്ഥലമല്ല.
28 ആകാശത്തിലെ സ്വരൂപാരൂപികള്‍
ഉല്‍കൃഷ്‌ട ജയവന്ദനം ചൊല്ലുന്നു.
29 സ്രാപ്പേയാദി മാലാഖമാര്‍ ഘോഷമായ്
സ്വപ്രഭുവിനെയാഗ്രഹിച്ചീടുന്നു,
30 പോക ത്രിലോകരാജ്യം വാണീടുക
സങ്കടലോകേയിരുന്നതുമതി
31 എന്റെ കാര്യം നിനക്കൊത്തീടുംപോലെ
എന്റെ മനസ്സും നീ കല്‌പിക്കുമ്പോള്‍ സദാ
32 നിന്റെ ദാസി ഞാനെന്നോരനുഗ്രഹം
നിനക്കുളളതെനിക്കുമതി മതി
33 നീപോയാല്‍ മമ പ്രാണൈകനായകാ
നിന്‍ പരിശ്രമം മറന്നുപോകല്ലേ
34 നിന്‍ ചോരവിലയാലെ നീ കൊണ്ടത്
നിന്‍ കാരുണ്യത്താല്‍ രക്ഷിച്ചുകൊളളുക
35 ബലഹീനജനമെന്നറിവല്ലോ
ബാലരെപ്പോലെ താങ്ങി നടത്തുക
36 കയ്യയയ്‌ക്കുമ്പോള്‍ വീണീടും ബാലകര്‍
നായകാ! നരരിങ്ങല്ലയോ?
37 നീ തുടങ്ങിയ വൃത്തി തികയ്‌ക്കഹോ
സന്തതമവര്‍ നിന്നെ സ്‌തുതിക്കട്ടെ”
38 ഇതമ്മ ദയാവിന്നുടെയമ്മപോല്‍
തന്‍ തൃക്കാല്‍ മുത്തിത്തഴുകി പുത്രനെ
39 സന്തോഷത്തിന്റെ മഴയും കണ്ണിനാല്‍
വീഴ്‌ത്തി മിശിഹാതാനുമെഴുന്നള്ളി
40 പിന്നെയുമീശോ ഭൂമിരക്ഷാകരന്‍
ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്‌തു:
41 “എന്റെ പുത്രരെ യെറോശലം പുരേ
നിങ്ങള്‍ പാര്‍ക്കണമെന്നരുളിച്ചെയ്‌തു
42 പിതാവൊത്തപോലെവിടെ റൂഹാടെ
ശക്തി നിങ്ങള്‍ക്കുണ്ടാകുമവിടുന്ന്
43 ഞാന്‍ പിതാവിന്റെ പക്കല്‍ പോകുന്നിത്”
എന്നരുള്‍ ചെയ്‌ത നേരത്തു ശിഷ്യരും;
44 “അന്നേരം യൂദന്മാരുടെ രാജ്യത്തെ
നന്നാക്കുന്നതെപ്പോളെ” ന്നു ചോദിച്ചു
45 “അവരോടിപ്പോളിതറിഞ്ഞീടുവാന്‍
ആവശ്യമില്ല നിങ്ങള്‍ക്കടുത്തില്ല
46 താതന്‍ കല്‌പിക്കുംപോല്‍ വരും സര്‍വ്വവും
അതറിഞ്ഞിട്ടു കാര്യം നിങ്ങള്‍ക്കെന്ത്
47 റൂഹാദക്കുദശായിറങ്ങുന്നേരം
സഹായം നിങ്ങള്‍ക്കുണ്ടാകും, ശക്തിയും
48 എനിക്കു നിങ്ങള്‍ സാക്ഷികളാകണം
എന്റെ വേദവും നീളേ നടത്തണം
49 വിശ്വസിച്ചവര്‍ രക്ഷ ലഭിച്ചീടും
വിശ്വസിക്കാത്തോര്‍ക്കുണ്ടാകും, ശിക്ഷയും
50 വന്‍പരുടെയും രാജാക്കള്‍ തങ്ങടെ
മുമ്പിലും കൊണ്ടുപോയീടും നിങ്ങളെ
51 നിങ്ങളെ ശാസിക്കും ഭയം നീക്കുവിന്‍
നിങ്ങടെ ദേഹത്തോടെയാവതുള്ളു?
52 നിങ്ങടെയാത്മാവോടാവതില്ലല്ലോ
നിങ്ങളില്‍ റൂഹാ പറഞ്ഞീടും തദാ
53 വേദനേരിന്നു പ്രത്യക്ഷം കാട്ടുവാന്‍
ഞാന്‍ ദാനം ചെയ്‌വാന്‍ നിങ്ങളില്‍ പ്രാര്‍ത്ഥിതം
54 നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം തോന്നിപ്പാന്‍
നിങ്ങളിന്നു പറയുന്നോരല്ലഹോ
55 ഭൂമ്യന്തത്തോളവും സഹിച്ചീടുവിന്‍
സമ്മാനം പിന്നെക്കല്‌പിച്ചു നല്‌കുവാന്‍
56 ഇപ്രകാരം മിശിഹായരുള്‍ ചെയ്‌തു
തന്‍ പ്രതാപയാത്രയ്‌ക്ക് സമയമായ്
57 സായിത്തെന്ന മലയിലെഴുന്നള്ളി
ദയാവിന്നുടെ രശ്‌മിയും വീശിച്ചു
58 പര്‍വ്വതാഗ്രെ താന്‍ പ്രാപിച്ചു തമ്പുരാന്‍
അവിടെ നിന്നു യാത്ര തുടങ്ങിനാന്‍
59 തൃക്കൈയും പൊക്കിയാശീര്‍വ്വാദം ചെയ്‌തു
തൃക്കണ്‍പാര്‍ക്കയും മാതൃശിഷ്യരെയും
60 ത്രിലോകം വിളങ്ങുന്ന പ്രഭാവത്താല്‍
ത്രിലോകപ്രഭു ഭൂമി രക്ഷാകരന്‍
61 മന്ദസ്‌മിതം ദയാഭാവത്തോടു താന്‍
മന്ദം മന്ദം പൊങ്ങി തന്റെ ശക്തിയാല്‍
62 തന്‍ ശിഷ്യര്‍ക്കു കണ്ണെത്തുവോളമിവ
ദര്‍ശനത്തിങ്കല്‍ നിന്നുമനന്തരം
63 തേര്‍പോലെ മേഘമടുത്തുപൊങ്ങിച്ചു
താന്‍ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു
64 സര്‍വ്വേശന്‍ സിംഹാസനം പുക്കശേഷം
സര്‍വ്വമംഗല ഘോഷമനവധി
65 വെളുത്തുള്ള കുപ്പായത്താലന്നേരം
ആളുകള്‍ രണ്ടിറങ്ങിപ്പറഞ്ഞത്
66 ഗ്ലീലാക്കാരെ നിങ്ങളെന്തിങ്ങനെ
മേല്പോട്ടുനോക്കി നില്ക്കുന്ന രക്ഷകന്‍
67 സ്വര്‍ല്ലോകത്തിലെഴുന്നെളളി നായകന്‍
വരും പിന്നെയുമെന്നതുറച്ചാലും
68 സ്വര്‍ല്ലോകത്തിലെ സജ്ജനഘോഷവും
നരവര്‍ഗ്ഗത്തിന്നസ്‌തമഹത്വവും
69 വാക്കിനാല്‍ വിഷയമില്ല നിര്‍ണ്ണയം
സകലേശത്വം പിതാവും നല്‍കിനാന്‍
70 ഇതു കേവലം പറയാം ശേഷവും
ചിത്തത്തില്‍ നിരൂപിപ്പാനവകാശം
71 ഏറെ ചിന്തിച്ചുകൊണ്ടുവെന്നാകിലും
ഏറെ ചിന്തിച്ചാല്‍ ശേഷിക്കും പിന്നെയും
72 സര്‍വ്വേശത്വം കൊടുത്തതു കേള്‍ക്കുമ്പോള്‍
ദൈവപുത്രനിയ്യാളെന്നിരിക്കലും
73 സ്വഭാവത്താലതുണ്ടായി സന്തതം
പ്രഭുത്വം നിനക്കും സ്വതേയുള്ളതും
74 താന്‍ മാനുഷസ്വഭാവത്തിന്നുമത്
തമ്പുരാന്‍ കൊടുത്തെന്നറിവാനത്രേ
75 ദക്ഷിണമായ ബാവാടെ ഭാഗത്തു
രക്ഷകനിരിക്കുന്നെന്നു ചൊന്നത്
76 അവിടെ നിന്നു പത്താം പുലര്‍കാലേ
സുവിശ്വാസികള്‍ ശ്ലീഹാജനങ്ങളും
77 കൂടിയെല്ലാരും പാര്‍ക്കുന്ന ശാലയില്‍
കൊടുങ്കാറ്റിന്റെ വരവിതെന്നപോല്‍
78 സ്വരം കേള്‍ക്കായി വീടു നിറച്ചിത്
തീ രൂപത്തിലും നാവുകള്‍ കാണായി
79 ശീതളം പോക്കും നല്ല നിരൂപണ
ചേതസി ദയാവോടു ശോഭിക്കുന്നു
80 പാവനം വരുത്തീടുമക്കാരണം
പാവകരൂപത്തിങ്കലിറങ്ങിനാന്‍
81 ഓരോരുത്തര്‍മേലിരുന്നു കൃപയാല്‍
സര്‍വ്വജനവും നിറഞ്ഞു റൂഹായാല്‍
82 ബാവാ ഭൂമിയെ സൃഷ്‌ടിച്ചനന്തരം
ദേവജന്‍ രക്ഷിച്ച റൂഹായെ നല്‍കി
83 ഇന്നു റൂഹായിറങ്ങിയ കാരണം
സര്‍വ്വലോകരുമാനന്ദിച്ചീടുവിന്‍
84 തിന്മ നീക്കാനും നന്മ നിറപ്പാനും
നിര്‍മ്മലമനസ്സവര്‍ക്കുണ്ടാവാനും
85 പേടിപോക്കുവാന്‍ കേടുകള്‍ തീര്‍പ്പാനും
നാടെല്ലാം ഭയം നീക്കി നടപ്പാനും
86 ഇപ്പോള്‍ റൂഹാദക്കുദശാ തമ്പുരാന്‍
കല്‌പന മാനസത്തിങ്കല്‍ വാസമായ്
87 മുമ്പില്‍ മിശിഹാ ചൊന്നപോല്‍ വന്നിത്
തമ്പുരാന്‍ പുത്തനായ് കല്‌പിച്ചത്
88 സ്വാമി തന്നുടെ ദേഹഗുണവഴി
ഭൂമിയില്‍ നീളെ നടത്തിക്കൊള്ളുവാന്‍
89 മാന്ദ്യം ക്ഷയിച്ചിട്ടുഷ്‌ണമുണ്ടാകേണം
നന്മൂലം തീ നാവായിട്ടിറങ്ങി താന്‍
90 അങ്ങുന്നുളളില്‍ തോന്നിച്ചതെപ്പേരുമേ
അന്നെല്ലാവരും ചൊല്ലിമടിയാതെ
91 മുമ്പില്‍ സ്‌ത്രീയുടെ വാക്കിനാല്‍ പേടിച്ച
കേപ്പാ താനപ്പോള്‍ സംഭ്രമം നീക്കിനാന്‍
92 വമ്പന്‍മാരുടെ സമക്ഷത്തിങ്കലും
തമ്പുരാന്‍ മിശിഹായെയറിയിച്ചു.
93 പല ഭാഷകളിവര്‍ പഠിക്കാതെ
നല്ലപോലെ പറയുന്നത്ഭുതം
94 മാനുഷര്‍ക്കറിയാത്ത പ്രവൃത്തികള്‍
അനേകവിധം ദര്‍ശിച്ചാലോകരും
95 ആശ്ചര്യം കണ്ടു നേരിനെ ബോധിച്ചു
മിശിഹായെ വിശ്വസിച്ചു തേറിനാര്‍
96 ചിലര്‍ ചൊല്ലുന്നു പാനമത്താലിവര്‍
വിലാസിച്ചു പുറപ്പെട്ടിരിക്കുന്നു
97 ശെമോന്‍ കേപ്പായന്നേരമുരചെയ്‌തു:
“ഇമ്മാനുഷരിലെന്തിതു തോന്നുവാന്‍
98 പാനത്താല്‍ പല ഭാഷ പറയുമോ?
മുമ്പിലാരിതു കണ്ടതും കേട്ടതും
99 അതല്ല, ദീനമിപ്പോളുദിച്ചത്
മത്തന്മാരുടെ സംസാരമല്ലിത്
100 നിങ്ങള്‍ കൊല്ലിച്ച മിശിഹാ തമ്പുരാന്‍
തന്റെ റൂഹായെ ഇപ്പോളിറക്കി താന്‍
101 നിവ്യന്മാരിതു മുമ്പിലറിയിച്ചു;
അവര്‍കളുടെ വാചകം നോക്കുവിന്‍
102 അയ്യാള്‍ വന്നിപ്പോള്‍ വിസ്‌മയം കാട്ടുന്നു,
പ്രിയത്തോടു മിശിഹായെത്തേടുവിന്‍
103 കണ്‍തുറന്നു കണ്ടിടുവിന്‍ കാലമായ്
ചെയ്‌തതുമിപ്പോളുറച്ചുകൊള്ളുവിന്‍
104 കാരുണ്യത്തിന്റെ കാലമിപ്പോളുണ്ട്
നിരുപകാരമതു കളയല്ലെ
105 അതു കേട്ടിട്ട് മൂവായിരം ജനം
സത്യവേദവും ബോധിച്ചു സത്വരം
106 ശ്ലീഹന്മാര്‍ സത്യവേദം നടത്തുവാന്‍
മഹിതോറും നടന്നു പലവഴി.
— പതിന്നാലാം പാദം സമാപ്‌തം —


Your email address will not be published. Required fields are marked *
Views 22.  Song ID 4627

KARAOKE

If you have the Karaoke URL to this Song, please type-in the URL in the Comment section below or Send it via the Contact Us page to share the Karaoke file with others.