Puthen Pana – Paadham 10 (Puliyathappam)


in

Puthen Pana

പത്താം പാദം

പെസഹാ ആയത്തമാക്കുവാന്‍ തന്റെ ശിഷ്യരോടു കല്‌പിച്ചതിന്‍വണ്ണം ആയത്തമാക്കിയതും, തന്റെ ആ ഒടുക്കത്തെ അത്താഴത്തില്‍ ശിഷ്യരുടെ കാല്‍ കഴുകുകയും, യൂദാസ്‌കറിയോത്ത തന്നെ ഒറ്റിക്കൊടുക്കുന്ന വിവരം അറിയിക്കുകയും, അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തില്‍ തന്നെത്തന്നെ മുഴുവനും തന്റെ ബാവായ്‌ക്കു പൂജയായിട്ടും മനുഷ്യരുടെ ആത്മാവിന്റെ ഭക്ഷണമായിട്ടും കല്‌പിക്കുകയും ചെയ്‌തതും, താന്‍ ചാവുപൊരുള്‍ അരുളിച്ചെയ്‌തതും, പത്രോസ്‌ തന്നെ മൂന്നൂഴം ഉപേക്ഷിക്കുമെന്നു അരുളിചെയ്‌തതും, അത്താഴം കഴിഞ്ഞു തന്റെ പിതാവിനെ സ്തുതിച്ചുകൊണ്ട് മൂന്നു ശിഷ്യരോടുകൂടെ ഒരു തോപ്പില്‍ ചെന്നു തന്റെ ബാവായോടു പ്രാര്‍ത്ഥിച്ചു ചോരവിയര്‍ത്തതും, ഒടുക്കം മാലാഖ വന്ന് ആശ്വസിപ്പിച്ചതും, അതിന്റെ ശേഷം ശിഷ്യരെ ഉണര്‍ത്തിക്കൊണ്ട് ശത്രുക്കളുടെ എതിരെ ചെന്നതും, തിരുവാക്കിന്റെ ശക്തിയാല്‍ ശത്രുക്കള്‍ വീണതും, അവരെ എഴുന്നേല്‌പിച്ചതും, യുദാസ്‌കറിയോത്ത കര്‍ത്താവിനെ മുത്തി ഒറ്റിക്കൊടുത്തതും, കേപ്പാ ഒരുത്തന്റെ ചെവി ചെത്തിയപ്പോള്‍ ആയതിനെ സ്വസ്ഥതയാക്കിയതും, കര്‍ത്താവിനെ ശത്രുക്കള്‍ പിടിച്ചുകെട്ടി ഹന്നാന്റെ പക്കല്‍ കൊണ്ടു ചെന്നതും, ഒരു നീചന്‍ തന്റെ തിരുക്കരണത്തില്‍ അടിച്ചതും, പിന്നീടു കയ്യേപ്പായുടെ പക്കല്‍ കൊണ്ടുപോയതും, തന്നെ കൊല്ലുവാന്‍ തക്കവണ്ണം പലകൂട്ടം കള്ളസാക്ഷി ഉണ്ടാക്കുകയും പിന്നെയും പലവിധത്തില്‍ കര്‍ത്താവിനെ കഷ്ട്ടപ്പെടുത്തിയതും.


1 പുളിയാത്തപ്പം തിന്നേണ്ടും മുമ്പിലെ
നാളില്‍ ശിഷ്യരടുത്തു ചോദിച്ചത് –
2 “ഇപ്പെസഹാടെ ഭക്ഷണമെവിടെ
കോപ്പുകൂട്ടണമെന്നരുളീടുക”
3 പരമപരന്‍ മിശിഹാ തമ്പുരാന്‍
അരുളിച്ചെയ്‌തു ശിഷ്യജനത്തോട്
4 “പുരത്തില്‍ നിങ്ങള്‍ ചെല്ലുമ്പോള്‍ നീര്‍ക്കുടം
ഒരുത്തന്‍ കൊണ്ടു പോകുമവനുടെ
5 സ്ഥലത്തില്‍ നിങ്ങള്‍ കൂടവേ ചെല്ലുവിന്‍
ശാലകാട്ടുമാ വീട്ടിലെ നായകന്‍
6 അതില്‍ പെസഹാവിരുന്നു കൂട്ടുവിന്‍”
ഇതു കല്‌പനപോലെ ചെയ്‌താരവര്‍
7 അക്രൂരമുള്ളോരാടുപോല്‍ തമ്പുരാന്‍
അക്കാലം മരിക്കുമെന്ന കാരണം
8 നിര്‍മ്മല സര്‍വ്വജ്ഞാനിയാം ദേവനും
നിര്‍മ്മലമുള്ളോരോടു പൂജിക്കേണം
9 ആടതു ചുട്ടു പത്തീറായും ദ്രുതം
വീടുതോറും ഭക്ഷിക്കേണമെല്ലാരും
10 എന്നു പണ്ടൊരു പ്രമാണം കല്‌പിച്ചു
തന്റെ ലോകര്‍ക്കിതെത്രയുമാദരം
11 ഇക്കല്‌പന വിഷയവും സാമ്യവും
തികപ്പാനീശോ പെസഹാ തിന്നിത്
12 അത്താഴം കഴിയുന്ന നേരമുടന്‍
വസ്‌തുവൊക്കെയ്‌ക്കു മീശ്വരമുള്ളവന്‍
13 (ചിത്രമത്രെ താന്‍ ചെയ്‌തൊരു വിസ്‌മയം)
ചിത്തഭക്തിയെളിമ വിനയത്താല്‍
14 ശീലചുറ്റി, താന്‍ ശിഷ്യജനങ്ങടെ
കാല്‍കഴുകി വിശുദ്ധി വരുത്തിനാന്‍
15 അതിന്‍ ശേഷമരുള്‍ചെയ്‌തു തമ്പുരാന്‍-
“കര്‍ത്താവെന്നതും ഗുരു ഞാനെന്നതും
16 എല്ലാരും നിങ്ങളെന്നെ വിളിക്കുന്നു
ഉള്ള പോലിതു ചൊല്ലുന്നിതെന്നുടെ
17 എളിമയുള്ള വൃത്തിയില്‍ കണ്ടപോല്‍
തെളിവോടിതു ചെയ്യണം നിങ്ങളും”
18 ഇവ ചൊല്ലീട്ടന്തര്‍വ്വികാരത്തോടെ
ഭാവിദര്‍ശനം കൊണ്ടരുളിച്ചെയ്‌തു:
19 “സത്യം നിങ്ങളിലൊരുത്തനൊറ്റാനായ്
ശത്രുക്കള്‍ക്കെന്നെ കയ്യാളിക്കുമിത്
20 ആരെന്നെല്ലാരും ചോദിച്ചീടും വിധൌ
തിരിച്ചു സ്‌കറിയോത്തായെ കാട്ടിനാന്‍
21 അതിന്റെ ശേഷം വാക്കിന്നഗോചരം
അതുല്യ പ്രിയത്തിന്നുടെ രക്ഷയ്‌ക്കും
22 അര്‍ച്ചനയ്‌ക്കുമാത്മാവിന്നുടെ രക്ഷയ്‌ക്കും
അര്‍ച്ചശിഷ്‌ട കുര്‍ബാനയും നല്‍കി താന്‍.
23 താന്‍ വിശുദ്ധ ശരീരവും ചോരയും
രണ്ടുമ്മാനുഷ മംഗലദത്തമായ്
24 ഉള്ളില്‍ ചേര്‍ന്നിരിപ്പാന്‍ പ്രിയത്താലതു
കൊള്ളുകയെന്നു മിശിഹാ കല്‌പിച്ചു
25 എപ്പോഴുമുള്ള ഭക്ഷണസാധനം
അപ്പംകൊണ്ടു ശരീരബലം വരും
26 മുന്തിരിങ്ങാ ഫലരസപാനത്താല്‍
സന്തോഷമുണ്ടാം നശിക്കും ദാഹവും
27 ഈ രണ്ടില്‍ ഗുണംകൊള്ളുമാത്മാവിനും
വരുമെന്നതിനര്‍ത്ഥമറിയിപ്പാന്‍
28 തദ്രൂപങ്ങളില്‍ രഹസ്യമായത്
തദ്രൂപങ്ങളില്‍ തന്നെ മറച്ചു താന്‍
29 എന്നുമേയകന്നീടാതിരിപ്പാനായ്
ഇസ്‌നേഹോപായം കല്‌പിച്ചു തന്നിത്
30 അന്നു ശിഷ്യര്‍ക്കു പട്ടം കൊടുത്തു താന്‍
പിന്നെച്ചാവുപൊരുളരുളിച്ചെയ്‌തു:-
31 “കേട്ടുകൊള്ളുവിനെന്റെയുണ്ണികളെ
ഒട്ടും വൈകാതെ പോകുന്നു ഞാനിതാ
32 പുത്തനായുള്ള പ്രമാണം നല്‍കുന്നു
അതാകുമെന്റെ ശിഷ്യര്‍ക്കു ലക്ഷണം
33 നിങ്ങളെ ഞാന്‍ സ്നേഹിച്ചെന്നതുപോലെ
നിങ്ങള്‍ തങ്ങളില്‍ സ്നേഹമുണ്ടാകണം.
34 ഞാന്‍ പോകുന്ന സ്ഥലത്തിങ്കലെത്തുവാന്‍
ഉപായം നിങ്ങള്‍ക്കിപ്പോഴുണ്ടായ്‌വരാ.”
35 അപ്പോള്‍ കൂടാത്തതെന്തുകൊണ്ടെന്നതും
കേപ്പാ കൂടെ മരിപ്പാന്‍ ഞാനെന്നവന്‍
36 “നീ മരിക്കുമോ” യെന്നരുളിച്ചെയ്‌തു,
“ശെമോന്‍ കേപ്പായെ കേട്ടുകൊള്‍കെങ്കില്‍ നീ
37 ഇന്നിശി കോഴികൂകുന്നതിന്‍ മുമ്പേ
മൂന്നുവട്ടം നീയെന്നെയുപേക്ഷിക്കും
38 ഞാന്‍ പോകും വഴി നിങ്ങള്‍ക്കുണ്ടാകുവാന്‍
ഞാന്‍ പ്രമാണിക്കും കല്‌പന കേട്ടാലും
39 എന്നോടുകൂടെ വാഴേണമെങ്കിലോ
എന്നെ സ്നേഹമുണ്ടാകിലും കല്‌പന
40 ഉപേക്ഷിക്കാതനുസരിച്ചീടേണം
ഞാന്‍ പോയിട്ടു നിങ്ങള്‍ക്കുള്ള പീഡകള്‍
41 പോക്കി റൂഹായെയയപ്പാന്‍ സത്വരം
നീക്കിടുമയ്യാള്‍ ചിത്തം തമസ്സിനെ
42 മുന്തിരിങ്ങാവള്ളിയതു തന്‍ കൊമ്പിന്‍
നിന്നു വേര്‍പെട്ടാല്‍ കായുണ്ടായീടുമോ
43 എന്റെ സ്നേഹത്തില്‍ നിന്നു വേര്‍പെട്ടവന്‍
അഗ്നിക്കുമാത്രം കൊള്ളുമക്കൊമ്പുപോല്‍
44 ഞാന്‍ സഹായമില്ലാതൊരു കാര്യവും
നിങ്ങള്‍ക്കു സാദ്ധ്യമായ്‌വരാ നിര്‍ണ്ണയം
45 എന്നില്‍ നിന്നകലാതെ നിന്നീടുവിന്‍
എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ തുണസന്തതം
46 ഞാന്‍ പോകുന്നതിനാല്‍ വരും മുട്ടുകള്‍
അപായമതുകൊണ്ടുള്ള സംഭ്രമം!
47 നീക്കുവാന്‍ ശുഭം കൂട്ടുവിന്‍ നിങ്ങള്‍ക്കു
സങ്കടം നിങ്ങള്‍ക്കാവശ്യമായത്
48 എന്‍ നാമത്താലപേക്ഷിപ്പതൊക്കെയും
ഞാന്‍ നിങ്ങള്‍ക്കു വരുത്തിത്തന്നീടുവന്‍”
49 ഇതരുള്‍ ചെയ്‌ത ശേഷവും തന്നുടെ
പിതാവിന്‍ സ്‌തുതി ചെയ്‌തതിന്‍ ശേഷവും
50 ചിത്തെ തെളിവും ഭൂമിക്കു വെളിവും
അസ്‌തമിച്ചിട്ടെഴുന്നെളളി രക്ഷകന്‍
51 തന്‍ പുരത്തിലെ സൗഖ്യമതൊക്കെവേ
അപ്പോള്‍ കൂടെപ്പുറപ്പെട്ട നിശ്ചയം
52 ഈശോ നായകന്‍ ചെന്നൊരു തോട്ടത്തില്‍
തന്‍ ശിഷ്യരെ ദൂരത്തു പാര്‍പ്പിച്ചു
53 തന്‍ പ്രതാപ സാക്ഷികളാം മൂവരെ
താന്‍ തിരിച്ചുകൊണ്ടുപോയരുള്‍ച്ചെയ്‌തു
54 “മരണാധിമേ മാനസേ പ്രാപിച്ചു
പരീക്ഷ തന്നില്‍ വീഴാതിരിപ്പാനായ്
55 ഉണര്‍ന്നു നിങ്ങള്‍ക്കിപ്പോള്‍ ദേവബലം
ഉണ്ടാവാനായി പ്രാര്‍ത്ഥിച്ചുകൊള്ളണം
56 മേ പ്രാണയാത്രയടുത്തിരിക്കുന്നു.”
അല്‌പം പിന്നെയും നീങ്ങിട്ടു കുമ്പിട്ടു
57 സ്വപിതാവോടപേക്ഷിച്ചു ചൊന്നതു-
“മേ പിതാവേ! നിന്‍ സമ്മതമെങ്കിലേ
58 ദുസ്സഹമീ ദുഖമൊഴിക്ക നീയേ!
മനക്കാമ്പു നിന്‍ തികയ്‌ക്കു കേവലം
59 ഉഴിപ്പാന്‍, തെളിഞ്ഞില്ലെങ്കില്‍, നിന്നാജ്ഞ
വഴിപോലെന്നില്‍ പൂര്‍ത്തിയാകട്ടെന്നു
60 പിന്നെ ശിഷ്യരെക്കാണ്മാനെഴുന്നള്ളി
സ്വപ്‌നത്തിലകപ്പെട്ടതു കണ്ടു താന്‍
61 എന്നോടു കൂടെയുണര്‍ന്നിരിപ്പതി-
നിന്നു നിങ്ങള്‍ സാദ്ധ്യമതില്ലയോ,
62 മനസ്സാകിലും ദുര്‍ബല പാത്രങ്ങള്‍
എന്നറിഞ്ഞു ഞാനെ” ന്നു പ്രഭോത്തമന്‍
63 തമ്പുരാന്‍ പിന്നെയും നമസ്‌കരിച്ചു
മുന്‍പേ പോലെയുറങ്ങി ശിഷ്യന്മാരും
64 മൂന്നാംവട്ടം വരുന്ന ദുഃഖങ്ങളും
തന്നുടെ ക്ഷമയനുസരിപ്പോരു
65 ചുരുക്കമെന്നുമാളുകളേറെയും
നരകത്തിങ്കല്‍ വീഴുവോരെന്നതും
66 ചിന്തിച്ചിട്ടുള്ള താപമഹത്വത്താല്‍
തന്‍ തിരുമേനി ചോര വിയര്‍ത്തു താന്‍
67 ചിന്തി കണ്ണില്‍ ക്ഷതജമൊഴുകീട്ടു
രക്തസ്വേദത്താല്‍ നനച്ചു ഭൂതലം
68 അന്നേരമൊരു മാലാഖ വന്നുടന്‍
തന്നെ വന്ദിച്ചുണര്‍ത്തിനാനിങ്ങനെ:-
69 “ആ ജയപ്രഭു നീയല്ലോ നിന്നുടെ
തേജസ്സിനു സമമോ ജഗത്രയം!
70 അനന്തനൃഭോഷ മഹത്വത്തിനു
ഹീനാന്ത ധര്‍മ്മ മഹത്വംകൊണ്ടു നീ
71 ദേഹനീതിക്കു പകരം വീട്ടുവാന്‍
ഭൂവിങ്കല്‍ നരനായ സര്‍വ്വപ്രഭോ!
72 നിന്‍ തിരുനാമാര്‍ത്ഥമറിഞ്ഞല്ലോ നീ
നിന്‍ പിതാവിന്നിഷ്‌ടവുമറിഞ്ഞു നീ
73 സാമ്യമല്ലാത്ത ദയവു കണ്ടവര്‍
സ്വാമി നിന്‍ ജയം ഘോഷിക്കും ഞങ്ങളും
74 ചൈത്താന്മാര്‍ക്കു മഹാ തോല്‍വിയെങ്കിലും
ചൈത്താന്മാരാല്‍ വിരോധം വശമല്ല
75 പുണ്യവാന്മാരാല്‍ സജ്ജനമൊക്കെയും
ത്രാണം നിന്നോടു പ്രാര്‍ത്ഥിച്ചിരിക്കുന്നു
76 എന്തിതൊക്കെ ഞാന്‍ കേള്‍പ്പിക്കുന്നു വൃഥാ
അന്തോനേശ്വരന്‍ നീയല്ലോ ത്രാണേശാ,
77 സര്‍വ്വജ്ഞനാം നീ സര്‍വ്വമറിയുന്നു
സര്‍വ്വസാരനിധി മഹാ വീര്യവാന്‍”
78 മാലാഖായതുണര്‍ത്തിച്ചു കുമ്പിട്ടു
കാലം വൈകാതെ നാഥന്‍ മിശിഹായും
79 ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്‌തു:-
“എന്നെയൊറ്റിയ ശത്രുവരുന്നിതാ!
80 ഇങ്ങു വന്നവരെത്തുന്നതിനുമുമ്പെ
അങ്ങോട്ടു ചൊല്ലേണം മടിയാതെ നാം”
81 എന്നരുള്‍ ചെയ്‌തെഴുന്നള്ളി രക്ഷകന്‍
അന്നേരം ശത്രുവ്യന്ദം വരവതാ
82 പന്തം, കുന്തം, വാള്‍, വില്‍, മുള്‍ത്തടി, വടി
ചന്തത്തില്‍ ശൂലം, വെണ്‍മഴു, ചൊട്ടയും
83 സന്നാഹമോടങ്ങോറ്റാനും കൂട്ടരും
വന്നു നാഥനാം മിശിഹാടെ നേരെ
84 അന്നേരമടുത്തു സ്‌കറിയോത്തായും
മുന്നമൊത്തപോല്‍ മുത്തി മിശിഹായെ
85 “എന്തിനു വന്നു നീയിങ്ങു സ്‌നേഹിതാ,
എന്തിനു ചുംബിച്ചെന്നെയേല്‌പിക്കുന്നു
86 എന്നു യൂദായോടരുളിയ ശേഷം
വന്നു മറ്റുള്ളവരോടു ചൊന്നീശോ
87 നിങ്ങളാരെയന്വഷിച്ചു വന്നിത്?
“ഞങ്ങളീശോ നസറായെനെന്നവര്‍”
88 ഈശോ ഞാന്‍ തന്നെയെന്നരുള്‍ ചെയ്‌തപ്പോള്‍
നീചവ്യന്ദമതുകേട്ടു വീണുടന്‍
89 ചത്തപോലവര്‍ വീണുകിടക്കിലും
ശത്രുത്വത്തിനിളക്കമില്ലതാനും
90 എന്തുകൊണ്ടവര്‍ വീണതു കാരണം
തന്‍ തിരുദേവ വാക്കിന്റെ ശക്തിയാല്‍
91 ലോകമൊക്കെയും ലോകരെയൊക്കെയും
ഏകവാക്കിനാല്‍ സൃഷ്‌ടിച്ചവനിയാള്‍
92 തന്മനോഗുണാല്‍ ഭാസ്യരക്ഷാര്‍ത്ഥമായ്
താന്‍ മരിപ്പാനുറച്ചിതെന്നാകിലും
93 താനനുവദിച്ചീടാതെയാര്‍ക്കുമേ
തന്നോടാവതില്ലെന്നറിയിച്ചു താന്‍
94 പിന്നെശ്ശത്രുക്കളോടരുളിച്ചെയ്‌തു:
ഉന്നതനായ നാഥന്‍ മിശിഹായും
95 ഊഴി തന്നില്‍ ശയനമെന്തിങ്ങനെ
എഴുന്നേറ്റുര ചെയ്‌താലും വാര്‍ത്തകള്‍
96 അടയാളമറിഞ്ഞു ശത്രുക്കളും
അടുത്തുപിടിപ്പാനുള്ളില്‍ വൈരത്താല്‍
97 ശെമോം കേപ്പാ വാളൂരിയൊരുത്തനെ
തിന്മയ്‌ക്കധീനമാം ചെവി ഛേദിച്ചു
98 മിശിഹായതു വിലക്കിയച്ചെവി
ആശ്ചര്യം വെച്ചു താന്‍ കേടുപോക്കിനാന്‍
99 അന്നേരം വിശപ്പേറിയ വ്യാഘ്രം പോല്‍
ചെന്നു കെട്ടിവലിച്ചു മ്ശിഹായെ
100 ഉന്തിത്താടിച്ചിടിച്ചു ചവുട്ടിയും
(മാന്തി-നുള്ളി-മുഖത്തവര്‍ തുപ്പിയും-
101 തമ്മില്‍ത്തമ്മില്‍ പിണങ്ങി വലിക്കയും
നിര്‍മരിയാദവാക്കു പറകയും
102 ഇമ്മഹാ ദുഖകൃഛ്‌റമളവുണ്ടോ)
നമ്മുടെ മഹാദോഷമുഴുപ്പയ്യോ
103 പിന്നെയുന്നതനായ മിശിഹായെ
ഹന്നാന്റെ മുമ്പില്‍ കൊണ്ടു നിറുത്തിനാര്‍
104 അവിടെ കയ്യേപ്പായുടെ വാസത്തില്‍
തന്‍ വിധികേള്‍പ്പാന്‍ നാഥനെക്കൊണ്ടുപോയ്
105 മേല്‌പട്ടക്കാരനാകുന്നവനപ്പോള്‍
തല്‌പരന്‍ മിശിഹായോടു ചോദിച്ചു
106 “കേള്‍ക്കട്ടെ നിന്റെ ശാസ്ത്രങ്ങള്‍ യുക്തിയും
വ്യക്തമായുള്ള വ്യാപ്‍തി വചനവും”
107 നിന്ദവാക്കിവനിങ്ങനെ ചൊന്നപ്പോള്‍
അന്നേരം സകലേശനരുള്‍ചെയ്‌തു
108 “എന്നോടെന്തിനു ചോദിക്കുന്നു വൃഥാ
അന്നേരം പലര്‍ കേട്ടവരുണ്ടല്ലോ!
109 അന്വേഷിക്കു നീ നേരെല്ലാം ബോധിക്കാം’
എന്നരുള്‍ചെയ്‌ത നേരത്താരു ഖലന്‍
110 പട്ടക്കാരനോടിതോ നീ-യെന്നവന്‍,
അടിച്ചു മിശിഹാടെ കവിളിന്മേല്‍
111 (അന്നേരമവനോടരുളിച്ചെയ്‌തു):-
“ചൊന്നതില്‍ കുറ്റമുണ്ടെങ്കില്‍ കാട്ടു നീ
112 ന്യായമത്രെ പറഞ്ഞു ഞാനെങ്കിലോ
ന്യായമോ നീയടിച്ചതു ചൊല്ലുക
113 മേല്‌പട്ടക്കാരനിരിക്കും മന്ദിരേ
കേപ്പാ പിന്നാലെ ചെന്നു ഗുരുപ്രിയന്‍
114 ഒരു സ്ത്രീയവനോടു ചോദിച്ചപ്പോള്‍
ഗുരുവിനെയുപേക്ഷിച്ചു പേടിയാല്‍
115 മൂന്നുവട്ടവും താനാ ഗുരുവിന്റെ
സുസ്‌നേഹ ശിഷ്യനല്ലെന്നു ചൊന്നപ്പോള്‍
116 കോഴികൂകി മിശിഹാടെ നോക്കിനാല്‍
അഴല്‍പൂണ്ടവനറിഞ്ഞു ദുഷ്‌കൃതം
117 കോഴികൂകുന്നതയ്യാള്‍ കേട്ടാല്‍ മനം
അഴിവോടു കരയും പിന്നെസ്സദാ
118 ഭവിക്കും മുമ്പില്‍ തോന്നും മനസ്ഥിരം
ഭവിപ്പാനടുക്കുമ്പോള്‍ മടുത്തുപോം
119 മിശിഹായുടെ സഭയ്‌ക്കു കല്‍ത്തൂണിത്
പ്രശംസിച്ചപോലെവീടെയുള്‍സ്ഥിരം
120 കയ്യേപ്പായുമാലോകരില്‍ മുഖ്യരും
ഭയം വിട്ടു മിശിഹായെക്കൊല്ലുവാന്‍
121 ന്യായകാരണം വേണമെന്നുണ്ടല്ലോ
ആയതിനവര്‍ സാക്ഷി നിറുത്തിനാര്‍
122 സാക്ഷിത്വമതുകൊണ്ടു പോരാഞ്ഞിട്ട്
സൂക്ഷം ചൊല്ലു നീ സര്‍വ്വേശനാമത്തില്‍…
123 തമ്പുരാന്റെ പുത്രനോ നീ ചൊല്ലുക
തമ്പുരാനോടു ചോദിച്ചു കയ്യേപ്പാ
124 തമ്പുരാനവനോടരുളിച്ചെയ്‌തു:
“തമ്പുരാന്റേകനാം പുതന്‍ ഞാന്തന്നെ
125 തമ്പുരാന്റെ പ്രാബല്യത്തോടുകൂടെ
തമ്പുരാന്‍ പുതന്‍ ഞാന്‍ വരും മേഘത്തില്‍
126 സര്‍വഭൂതരുമന്നെന്നെക്കാണുമ്പോള്‍
സര്‍വ്വസംശയം തീര്‍ന്നു വിശ്വാസമാം”
127 എന്നീവണ്ണമരുള്‍ച്ചെയ്‌തു തമ്പുരാന്‍
അന്നേരം കയ്യേപ്പായുമുരചെയ്‌തു:
128 “എന്തിനിന്നീപ്പലതരം സാക്ഷിത്വം?
ചിന്തിച്ചാലിതു സാക്ഷിക്കു പോരായോ?
129 സര്‍വ്വേശന്‍ പുത്രനാകുമിവനെന്നും…
സര്‍വ്വേശന്‍ തന്നെ നിന്ദിച്ചു ചൊന്നപ്പോള്‍
130 മരണത്തിനു യോഗ്യനിവന്‍ നൂനം
കാരുണ്യം വേണ്ട ചത്തേ മതിയാവൂ
131 കാര്യക്കാരനിവനെ കൊടുക്കേണം
ദുരിതത്തിന്റെ ശിക്ഷ വേണം താനും”
132 ഈവണ്ണമവന്‍ ചൊല്ലിയാലോകരും
അവ്വണ്ണം തന്നെ കല്‌പിച്ചുറപ്പിച്ചു
133 തല്ലി-നുള്ളി-യടിച്ചിടിച്ചാമവര്‍
തലയില്‍ മുടിപറിച്ചു ഭാഷിച്ചു
134 തന്‍ മുഖത്തിലും തുപ്പി കഷ്‌ടമഹോ!
ജന്തുവോടിതു കാട്ടുമോ മനുഷ്യര്‍!
135 ഭൂമഹാദോഷം പൊറുപ്പാനായതും
ക്ഷമിച്ചൊക്കെ മഹാദുഃഖവാരിധി
136 മാനുഷരുടെ രക്ഷ ദാഹത്താലും
തീര്‍ന്നു വൈരം വൈരസ്യഫലമിത്
137 കൃ‌ഛ്‌റത്തിന്നുടെ സമുദ്രേ വാങ്ങുന്നോന്‍
കൃച്‌ഛ്‌റാദി മഹാ സങ്കടം പൂക്കിതു
138 മിശിഹാ മഹാ ദുഃഖാഗാധാബ്‌ധിയില്‍
നാശവൈരവും വീണു മുഴുകിനാല്‍
— പത്താം പാദം സമാപ്‌തം —

MANGLISH LYRICS

Puthenpana Padham 10

Puliyaathappam Thinnendum Mumbile
Naalil Shishyaraduthu Chodhichath

Your email address will not be published. Required fields are marked *
Views 27.  Song ID 4619

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.