Malayalam Lyrics

| | |

A A A

My Notes

പതിനൊന്നാം പാദം

കര്‍ത്താവിനെ പീലാത്തോസിന്റെ പക്കല്‍ കൊണ്ടുപോയതും, സ്‌കറിയോത്ത കെട്ടിഞാണു ചത്തതും, യൂദന്മാരോടു പീലാത്തോസ് കര്‍ത്താവിന്റെ കുറ്റം ചോദിച്ചതും, താന്‍ രാജാവാകുന്നോ എന്ന് പീലാത്തോസ് ചോദിച്ചതിന് ഉത്തരം അരുളിച്ചെയ്‌തതും, കൊലയ്‌ക്കു കുറ്റം കണ്ടില്ലായെന്നു പറഞ്ഞ് കര്‍ത്താവിനെ പീലാത്തോസ് ഹേറോദേസിന്‍ പക്കല്‍ അയച്ചതും, തന്നെ വെള്ളക്കുപ്പായം ധരിപ്പിച്ച് വീണ്ടും പീലാത്തോസിന്റെ പക്കല്‍ ഹേറോദാസയച്ചതും, തന്നോടു വധം ചെയ്യരുതെന്ന് പീലാത്തോസിന്റെ ഭാര്യ ആളുവിട്ടുപറഞ്ഞതും, കര്‍ത്താവിനെയും ബറഅംബായെന്ന കൊലപാതകനേയും ഇണയാക്കി പെരുന്നാളിന് ആരെ വിട്ടുവിടേണമെന്ന് പീലാത്തോസ് ചോദിച്ചപ്പോള്‍ ബറഅംബായെ വിട്ടയച്ചതും, കര്‍ത്താവിനെ തല്ലിച്ചതും മുള്‍മുടിവെച്ചതും, തന്നെ ശത്രുക്കള്‍ കാണിച്ചു കൊണ്ട് “ഇതാ മനുഷ്യ” നെന്നു പറഞ്ഞതും, പിന്നെയും കേസറിന്റെ ഇഷ്‌ടക്കേടു പറഞ്ഞതുകേട്ട് പിലാത്തോസ് ഭയന്ന് ഇവന്റെ ചോരയ്‌ക്ക് പങ്കില്ലായെന്ന് പറഞ്ഞ് കൈ കഴുകിയതും, കൊലയ്‌ക്കു വിധിച്ചതും, സ്‌ത്രീകള്‍ മുറയിട്ടതും, ഒരു സ്ത്രീ മുഖം തുടച്ചതും, തന്നെ കുരിശിന്മേല്‍ തറച്ചു തൂക്കിയതും, സൂര്യഗ്രഹണവും മറ്റും പല പുതുമയുണ്ടായതും, തന്റെ ശത്രുക്കളെക്കുറിച്ച് അപേക്ഷിച്ചതും, മുതലായി ഏഴുതിരുവാക്യം അരുളിച്ചെയ്‌തതും, തന്റെ ജീവന്‍ പിരിഞ്ഞശേഷം തന്റെ തിരുവിലാവില്‍ ഒറ്റക്കണ്ണന്‍ കുത്തിയതും, തിരുശ്ശരീരം കബറടക്കം ചെയ്‌തതും.


1 ആകാശത്തില്‍ നിന്നൊഴിഞ്ഞു താമസി
ആകാന്ധകാരം മുഴുത്തു മാനസേ
2 പ്രകാശം നീളെ വ്യാപിച്ചിരിക്കിലും
അകക്കാമ്പില്‍ പുലര്‍ച്ചയടുത്തില്ല.
3 പുലര്‍കാലേ മഹായോഗവും കൂടി
കൊലയ്‌ക്കു വട്ടംകൂട്ടിപ്പുറപ്പെട്ടു
4 വീര്യവാനായ സര്‍വ്വേശപുത്രനെ
കാര്യക്കാരന്റെ പക്കല്‍ കയ്യാളിച്ചു.
5 സ്‌കറിയോത്ത മിശിഹായെക്കൊല്ലുവാന്‍
ഉറച്ചെന്നതറിഞ്ഞവനന്നേരം
6 ഖേദിച്ചു പട്ടക്കാരനെക്കൊണ്ടവന്‍
തദ്രവ്യം വീണ്ടുകൊടുത്തു പീഡിതന്‍
7 ദോഷമില്ലാത്ത ഈശോയെ വിറ്റത്
ദോഷമത്രേ കഷ്‌ടമിനിക്കെന്നവന്‍
8 വാങ്ങിയ കാശെറിഞ്ഞവിടെയവന്‍
തന്നത്താന്‍ തൂങ്ങി ദുര്‍ജ്ജനം ചത്തിത്
9 ആ ദിക്കില്‍ ശവമടക്കുവാന്‍ നിലം
ആ ദ്രവ്യം കൊടുത്തുകൊണ്ടു യൂദരും
10 നിവ്യന്മാരിതു മുമ്പെഴുതിവച്ചു
അവ്വണ്ണമതിന്റെ തികവായത്,
11 പീലാത്തോസിന്റെ ന്യായത്തില്‍ നാഥനെ
ഏല്‌പിച്ചനേരം കുറ്റം ചോദിച്ചവന്‍!
12 “ദുഷ്‌ടനല്ലെങ്കിലിവനെയിവിടെ
കൊണ്ടുവരുവാന്‍ സംഗതിയാകുമോ”
13 ഇങ്ങിനെ യൂദര്‍ പീലാത്തോസുത്തരം
നിങ്ങടെ ന്യായത്തോടൊത്തിടും യഥാ
14 “ശിക്ഷിപ്പിനെന്നാല്‍ നിങ്ങള്‍ക്കു തോന്നുമ്പോല്‍,
ശിക്ഷിപ്പാന്‍ കുറ്റം കണ്ടില്ലിവന്നു ഞാന്‍.”
15 പീലാത്തോസിത് ചൊന്നതിനുത്തരം
ആ ലോകരവനോടറിയിച്ചിതി
16 സാക്ഷാല്‍ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍ മുഷ്‌കരം
ശിക്ഷിപ്പാനില്ലെന്നിങ്ങനെ യൂദരും
17 രാജദൂതനീശോയോടു ചോദിച്ചു:-
“രാജാവാകുന്നോ നീ നേരു ചൊല്ലുക”
18 അന്നേരം നാഥന്‍ “രാജാവു ഞാന്‍ തന്നെ
എന്നുടെ രാജ്യം ഭൂമിക്കടുത്തല്ല.
19 ഞാന്‍ രാജാവായ് പിറന്ന പട്ടാങ്ങായ്‌ക്കു
ഞാന്‍ സാക്ഷിപ്പാനായ്‌ ഭൂമിയില്‍ വന്നിത് “
20 ആ ലോകരോടധികാരി ചൊന്നപ്പോള്‍
കൊലയ്‌ക്ക് യോഗ്യം കണ്ടില്ലിയാള്‍ക്കു ഞാന്‍
21 ഗ്ലീലാക്കാരനീശോയെന്നറിഞ്ഞപ്പോള്‍
പീലാത്തോസയച്ചേറോദേശിന്‍ പക്കല്‍
22 ഹേറോദോസു പല പല ചോദ്യങ്ങള്‍
അറപ്പുകെട്ട നീചകന്‍ ചോദിച്ചു
23 മിശിഹായും മിണ്ടാതെ നിന്നു തദാ
ഈശോയെയവന്‍ നിന്ദിച്ചു കശ്‌മലന്‍
24 വെളുത്തൊരു കുപ്പായമിടുവിച്ചു.
ഇളപ്പത്തോടയച്ചവന്‍ നാഥനെ
25 വീണ്ടും പീലാത്തോസിന്‍ പക്കല്‍ നാഥനെ
കൊണ്ടുവന്നു നാരധമസഞ്ചയം
26 പൈശൂന്യത്താലെ ഈശോയെക്കൊല്ലുവാന്‍
ആശ യൂദര്‍ക്കറിഞ്ഞധികാരിയും
27 ഇയാളെ രക്ഷിപ്പാനുമയപ്പാനും
ആയതിനു പീലാത്തോസ് വേലയായി
28 ഭാര്യയന്നു ചൊല്ലിവിട്ട തല്‍ക്ഷണം
“നീയതിക്രമിപ്പാന്‍ തുടങ്ങുന്നവന്‍
29 ന്യായ സമ്മതമുള്ളവന്‍ പുണ്യവാന്‍
നീയവനോടു നിഷ്‌കൃപ ചെയ്യുല്ലേ,
30 അവന്മൂലമീരാത്രി വലഞ്ഞു ഞാന്‍
അവനോടുപദ്രവിപ്പാന്‍ പോകല്ലെ”
31 എന്നവള്‍ ചൊല്ലി വിട്ടിതു കേട്ടപ്പോള്‍
എന്നതു കണ്ടു ശങ്കിച്ചധികാരി
32 എന്നാലെന്തൊരുപായമിതിനെന്നു
തന്നുള്ളിലവന്‍ ചിന്തിച്ചനേകവും
33 “മുന്നമേ പെരുന്നാള്‍ സമ്മതത്തിന്
അന്നൊരു പിഴിയാളിയെ വിടുവാന്‍
34 ന്യായമുണ്ടല്ലോ യൂദര്‍ക്കതുകൊണ്ട്
ആയതിനെന്നാല്‍ ഈശോയെ രക്ഷിപ്പാന്‍
35 ഇന്നതിനെഴുവുണ്ടാകുമിങ്ങനെ”
നന്നായുള്ളിലുറച്ചു തെളിഞ്ഞവന്‍
36 അതുകൊണ്ടു പിഴയാത്ത നാഥനെ
ഘാതകനായ മറ്റു പാപിയേയും
37 വരുത്തി ലോകരോടവന്‍ ചോദിച്ചു:
“ആരെയിപ്പോളയയ്‌ക്കേണം ചൊല്ലുവിന്‍
38 ശിഷ്‌ടനെ വേണ്ട ദയയില്ലൊട്ടുമേ
ദുഷ്‌ടനാം മഹാ പാപിയെ വീണ്ടവന്‍
39 സര്‍വ്വ മംഗല നിധിയേക്കാളവര്‍
സര്‍വ്വ ദുഷ്‌ടനെ സ്‌നേഹിച്ചു രക്ഷിച്ചു
40 അന്നേരം യൂദന്മാരോടധികാരി
എന്നാലീശോയെക്കൊണ്ടെന്തു വേണ്ടത്
41 ചൊല്ലിക്കൊള്ളുവിനെന്നു പീലാത്തോസ്
ചൊല്ലി യൂദരധികാരിയോടുടന്‍
42 “കുരിശിലവനെ തൂക്കിക്കൊല്ലുക”
അരിശത്താലവരിതു ചൊന്നപ്പോള്‍
43 കല്ലുപോലെയുറച്ച മനസ്സതില്‍
അല്ലല്‍ തോന്നിച്ചലിവു വരുത്തുവാന്‍
44 ചൊല്ലി പീലാത്തോസതിന്നുപായമായ്
തല്ലു കല്‌പിച്ചു കെട്ടിച്ചു നാഥനെ
45 വൈരിപക്ഷത്തിലാകുന്ന സേവകര്‍
ശരീരമുള്ളോനിയ്യാളെന്നോര്‍ക്കാതെ
46 ചമ്മട്ടി, വടി, കോല്‍, മുള്‍ത്തുടലുകള്‍
മാംസം ചീന്തുവാനാണിക്കെട്ടുകളും
47 കോപ്പുകള്‍ കൂട്ടി കെട്ടി മുറുക്കിനാര്‍
കുപ്പായം നീക്കി ദയവില്ലാത്തവര്‍
48 തല്ലീട്ടാലസ്യമുള്ളവര്‍ നീങ്ങിട്ടു
തല്ലി വൈരികള്‍ പിന്നെയും പിന്നെയും
49 ആളുകള്‍ പലവട്ടം പകര്‍ന്നിട്ടു
ധൂളിച്ചു തന്റെ മാംസവും ചോരയും
50 അന്തമറ്റ ദയാനിധി സുദേഹം
ചിന്തി വീഴുന്നതെന്തു പറയാവൂ!
51 തലതൊട്ടടിയോളവും നോക്കിയാല്‍
തൊലിയില്ലാതെ സര്‍വ്വം മുറിവുകള്‍
52 ഒഴുകുന്ന പുഴയെന്നതുപോലെ
ഒഴുകി ചോര മാംസഖണ്ഡങ്ങളാല്‍
53 പുലിപോലെ തെളിഞ്ഞവരന്നേരം
പലപാടുകളേല്‌പിച്ച കാരണം
54 മരിക്കാത്ത ശിക്ഷ പലവട്ടം
ധീരതയോടു ചെയ്‌തവരെങ്കിലും
55 മരണസ്ഥലമവിടെയല്ലാഞ്ഞു
മരിച്ചില്ല താനെന്നേ പറയാവൂ
56 മുള്ളാലെ മുടി ചമച്ചു തലയില്‍
കൊള്ളുവാന്‍ വച്ചു തല്ലിയിറക്കിനാര്‍
57 ഭാഷിച്ചു പിന്നെ രാജാവിനെപ്പോലെ
തൊഴുതു നിന്ദിച്ചേറ്റം പറഞ്ഞവര്‍
58 ഈശോ താതനുമൊരക്ഷരം മിണ്ടാതെ
കൃഛ്‌റമെല്ലാം ക്ഷമിച്ചു ലോകം പ്രതി
59 മാനുഷരിതുകണ്ടാല്‍ മനംപൊട്ടും
ദീനരായ മഹാ ദുഷ്‌ടരെങ്കിലും
60 ഇങ്ങനെ പല പാടുകള്‍ ചെയ്‌തിട്ട്
അങ്ങു യൂദരെക്കാട്ടി മിശിഹായെ
61 അതുകൊണ്ടവര്‍ വൈരമൊഴിപ്പാനായ്
“ഇതാ മാനുഷന്‍ ” എന്നു ചൊന്നാനവര്‍
62 നാശ സംശയം പോക്കുവാനെന്നപോല്‍
ആശപൂണ്ടു പീലാത്തോസ് ചെന്നപ്പോള്‍
63 ലേശാനുഗ്രഹം കൂടാതെ പിന്നെയും
നീചഘാതക യൂദരു ചൊല്ലിനാര്‍
64 “കുരിശില്‍ തൂക്കുകെ” ന്നതിനുത്തരം
കാരണം കണ്ടില്ലെന്നു പീലാത്തോസും
65 എന്നതുകേട്ടു യൂദരുരചെയ്‌തു.
(അന്നേരം സകലേശനു കുറ്റമായ്)
66 തമ്പുരാന്‍ പുത്രനാകുന്നിവനെന്നു
തമ്പുരാനെ നിന്ദിച്ചു പറഞ്ഞിവന്‍
67 ഇമ്മഹാ നിന്ദവാക്കു പറകയാല്‍
തന്‍മൂലം മരണത്തിന് യോഗ്യനായ്
68 ഇങ്ങനെ യൂദര്‍ ചൊന്നതു കേട്ടപ്പോള്‍
അങ്ങു പീലാത്തോസേറെശ്ശങ്കിച്ചവന്‍
69 ഉത്തമന് മിശിഹായോടു ചോദിച്ചു
(ഉത്തരമൊന്നും കേട്ടില്ല തല്‍ക്ഷണം)
70 എന്നോടെന്തിനിപ്പോള്‍ നീ പറയാത്തത്
നിന്നെക്കൊല്ലിപ്പാന്‍ മുഷ്‌ക്കരന്‍ ഞാന്‍ തന്നെ
71 വീണ്ടും നിന്നെയയപ്പാനും ശക്തന്‍ ഞാന്‍
രണ്ടിനും മുഷ്‌ക്കരമെനിക്കുണ്ടല്ലോ
72 എന്നറിഞ്ഞു നീ എന്നോടു നേരുകള്‍
ചൊല്ലിക്കൊള്ളുകയെന്നു പീലാത്തോസും
73 അന്നേരം മിശിഹായരുള്‍ ചെയ്‌തു:-
“തന്നു മേല്‍നിന്നു നിനക്കു മുഷ്‌ക്കരം
74 അല്ലെങ്കിലൊരു മുഷ്‌ക്കരത്വം വരാ
എല്ലാം മുന്നെയറിഞ്ഞിരിക്കുന്നു ഞാന്‍”
75 അതുകൊണ്ടെന്നെ ഏല്‌പിച്ചവരുടെ
വൃത്തിക്കു ദോഷമേറുമെന്നീശോ താന്‍”
76 കാര്യക്കാരനയപ്പാന്‍ മനസ്സത്
വൈരികള്‍ കണ്ടു നിലവിളിച്ചത്:-
77 “കേസര്‍ തന്റെ തിരുവുള്ളക്കേടതും
അസ്സംശയം, നിനക്കു വരും ദൃഢം
78 അയ്യാളല്ലാതെ രാജന്‍ നമുക്കില്ല
ആയങ്ക ചുങ്കമിവന്‍ വിരോധിച്ചു
79 താന്‍ രാജാവെന്നു നടത്തി ലോകരെ
നേരെ ചൊല്ലിക്കീഴാക്കിയവനിവന്‍
80 കുരിശിന്‍മേല്‍ പതിക്ക മടിയാതെ”
കാര്യക്കാരനതുകേട്ടു ശങ്കിച്ചു
81 കുറ്റമില്ലാത്തവനുടെ ചോരയാല്‍
കുറ്റമില്ലെനിക്കെന്നുര ചെയ്‌തവന്‍
82 കഴുകി കയ്യും യൂദരതു കണ്ടു
പിഴയെല്ലാം ഞങ്ങള്‍ക്കായിരിക്കട്ടെ
83 എന്നു യൂദന്മാര്‍ ചൊന്നതു കേട്ടപ്പോള്‍
അന്നേരം പിലാത്തോസും കാര്യക്കാരന്‍
84 കുരിശിലിപ്പോളീശോയെ തൂക്കുവാന്‍
വൈരികള്‍ക്കനുവാദം കൊടുത്തവന്‍
85 വലിയ തടിയായ കുരിശത്
ബലഹീനനീശോയെയെടുപ്പിച്ചു
86 ഉന്തിത്തള്ളി നടത്തി മിശിഹായെ
കുത്തി പുണ്ണിലും പുണ്ണു വരുത്തിനാര്‍
87 ചത്തുപോയ മൃഗങ്ങളെ ശ്വാക്കള്‍പോല്‍
എത്തി വൈരത്താല്‍ മാന്തുന്നു നുള്ളുന്നു
88 പാപികള്‍ ബഹുമത്സരം കൃച്‌ഛ്‌റങ്ങള്‍
കൃപയറ്റവര്‍ ചെയ്യുന്നനവധി
89 അതു കണ്ടിട്ടു സ്തീകള്‍ മുറയിട്ടു
സുതാപമീശോ കണ്ടരുളിച്ചെയ്‌തു
90 എന്തേ? നിങ്ങള്‍ കരയുന്നു സ്ത്രീകളെ
സന്തതിനാശമോര്‍ത്തു കരഞ്ഞാലും
91 എന്റെ സങ്കടംകൊണ്ടു കരയേണ്ട
തന്റെ തന്റെ ദോഷങ്ങളെയോര്‍ത്തിട്ടും
92 നിങ്ങടെ പുത്രനാശത്തെ ചിന്തിച്ചും
നിങ്ങള്‍ക്കേറിയ പീഡയ്‌ക്കവകാശം
93 ഒരു സ്ത്രീയപ്പോള്‍ ശീലയെടുത്തുടന്‍
തിരുമുഖത്തില്‍ ശുദ്ധിവരുത്തിനാള്‍
94 ശീല പിന്നെ വിരിച്ചുടന്‍ കണ്ടപ്പോള്‍
ശീലയില്‍ തിരുമുഖരൂപമുണ്ട്
95 ഇതുകണ്ടവര്‍ വിസ്‌മയം പൂണ്ടുടന്‍
അതിന്റെശേഷം സര്‍വ്വദയാപരന്‍
96 വലിഞ്ഞുവീണു ഗാഗുല്‍ത്താമലയില്‍
ആലസ്യത്തോടു ചെന്നു മിശിഹാ താന്‍
97 കുപ്പായമുടന്‍ പറിച്ചു യൂദന്മാര്‍
അപ്പോളാക്കുരിശിന്മേല്‍ മിശിഹായെ
98 ചരിച്ചങ്ങുകിടത്തി നിഷ്‌ഠുരമായ്
കരം രണ്ടിലും കാലുകള്‍ രണ്ടിലും
99 ആണിതറച്ചുടന്‍ തൂക്കി മിശിഹായെ
നാണക്കേടു പറഞ്ഞു പലതരം
100 കുരിശിന്മേല്‍ കുറ്റത്തിന്റെ വാചകം
കാര്യക്കാരുയെഴുതിത്തറച്ചിത്
101 തദര്‍ത്ഥ “മീശോ നസ്രായിലുള്ളവന്‍
യൂദന്മാരുടെ രാജാവിയ്യാളെന്നും”
102 ലത്തീനില്‍, യവുനായില്‍ എബ്രായിലും
ഇത്തരം മൂന്ന് ഭാഷയെഴുത്തത്
103 കുരിശും പൊക്കി നിറുത്തിപ്പാറയില്‍
ഞരമ്പുവലി ദുഃഖമൊപ്പിക്കാമോ?
104 സൂര്യനന്നേരം മയങ്ങി ഭൂതലേ
ഇരുട്ടുമൂടിക്കറുത്തു രാത്രിപോല്‍
105 ഉച്ചനേരത്തെന്തിങ്ങനെ കണ്ടത്
ആശ്ചര്യമൊരു നിഷ്‌ഠുര കര്‍മ്മത്താല്‍
106 ശത്രുമാനസെ കാഠിന്യമേയുള്ളൂ
അത്താപത്താലുമാനന്ദിച്ചാരവര്‍
107 നിന്ദവാക്കും പല പരിഹാസവും
സന്തോഷത്തോടു പ്രയോഗിച്ചാരവര്‍
108 മിശിഹാതാനും കാരുണ്യചിത്തനായ്
തന്‍ ശത്രുക്കളെ പ്രതിയപേക്ഷിച്ചു
109 “ചെയ്‌തതെന്തെന്നവരറിയുന്നില്ല
പിതാവേ! യതു പൊറുക്കയെന്നു താന്‍”
110 കൂടെ തൂങ്ങിയ കള്ളനിലൊരുത്തന്‍
ദുഷ്‌ടന്‍ നിന്ദിച്ചു മിശിഹായെയവന്‍
111 മറ്റവനപ്പോളെന്തു നീയിങ്ങനെ
കുറ്റം ചെയ്‌തവര്‍ നമ്മള്‍ ക്ഷമിക്കുന്നു.
112 ഇയ്യാള്‍ക്കെന്തൊരു കുറ്റം സര്‍വേശ്വരാ
ഭയമില്ലായോ മരണകാലത്തും
113 പിന്നെ മിശിഹായോടുണര്‍ത്തിച്ചവന്‍
“എന്നെ നീ മറന്നിടല്ലേ നായകാ!
114 നിന്നുടെ രാജ്യത്തിങ്കലെത്തീടുമ്പോള്‍
എന്നോടു നീയനുഗ്രഹിക്കേണമെ
115 എന്നവനപേക്ഷിച്ചതു കേട്ടാറെ
അന്നേരം തന്നെയനുഗ്രഹിച്ചു താന്‍
116 ഇന്നു തന്നെ നീ പറുദീസായതില്‍
എന്നോടു ചേരുമെന്നു മിശിഹാ തന്‍
117 അമ്മകന്യക പുത്രദുഃഖമെല്ലാം
ആത്മാവില്‍ക്കൊണ്ടു സമീപേ നില്‍ക്കുന്നു.
118 അവരെ തൃക്കണ്‍ പാര്‍ത്തരുളിച്ചെയ്‌തു
അവരമ്മ സുതന്‍ യോഹന്നാനെന്നും
119 യോഹന്നാനവര്‍ക്കു പുത്രനായതും
മഹാദുഃഖത്തില്‍ തണുപ്പതാകുമോ
120 തമ്പുരാനും യോഹന്നാനുമൊക്കുമോ
താപത്തില്‍ മഹാതാപമിതായത്
121 പിന്നെ രക്ഷകന്‍ മഹാ സ്വരത്തോടും
തന്നുടെ മനോശ്രദ്ധയറിയിച്ചു:-
122 “എന്‍ തമ്പുരാനേ എന്റെ തമ്പുരാനെ
എന്തുകൊണ്ടു നീ എന്നെ കൈവിട്ടഹോ”
123 അതിന്‍ശേഷം ദാഹത്താല്‍ വലഞ്ഞു താന്‍
ശത്രുക്കള്‍ ചെറുക്കാ കുടിപ്പിച്ചുടന്‍
124 അപ്പോളെല്ലാം തികഞ്ഞെന്നരുള്‍ചെയ്‌തു
തമ്പുരാനരുള്‍ചെയ്‌ത പോല്‍ സര്‍വ്വതും
125 ഉച്ചയ്‌ക്കു പിമ്പെയേഴരനാഴിക
മിശിഹാ യാത്ര കാലമറിഞ്ഞു താന്‍
126 എന്‍ പിതാവേ!, നിന്‍ കയ്യിലാത്മാവിനെ
ഞാന്‍ കയ്യാളിക്കുന്നേനെന്നരുള്‍ ചെയ്‌തു
127 തലയും ചായ്ച്ചു മരണം പ്രാപിച്ചു-
തന്‍ പ്രാണനധോഭൂമി ഗതനുമായ്
128 ആത്മാവു ദേഹം വിട്ടുയെന്നാകിലും
ആത്മാവില്‍ നിന്നും ശരീരത്തില്‍ നിന്നും
129 ദൈവസ്വഭാവം വേര്‍പെട്ടില്ല താനും:
അവരോടു രഞ്ജിച്ചിരുന്നു സദാ
130 മന്ദിരത്തില്‍ തിരശ്ശീല തല്‍ക്ഷണ
ഭിന്നമായ്‌ക്കീറി, ഖേദാധിക്യമയ്യോ
131 കുലുങ്ങി ഭൂമി കഷ്‌ടമറച്ചിത്-
കല്ലുകള്‍ പൊട്ടി ഹാ! ഹാ! ദുഃഖം യഥാ
132 ആത്മാവു പല ശവങ്ങളില്‍ പുക്കു
ഭൂമിയില്‍ നിന്നും പുറപ്പെട്ടു പലര്‍
133 പ്രാണനില്ലാത്തവര്‍ കൂടെ ദുഃഖിച്ചു
പ്രാണനുള്ളവര്‍ക്കില്ലായനുഗ്രഹം
134 സൈനികേശനധികൃതനായവന്‍
ഉന്നതത്തോടുള്ള മരണമിത്
135 കണ്ടനേരത്തിയാള്‍ തമ്പുരാന്‍ പുത്രന്‍
പട്ടാങ്ങയതു കണ്ടവര്‍ തേറിനാല്‍:
136 ചത്തുവെന്നതു കണ്ടൊരു സേവകന്‍
കുത്തി കുന്തംകൊണ്ടു തന്‍ വിലാവതില്‍
137 ചോരയും നീരും ചിന്തിയവനുടെ
ഒരു കണ്ണിനു കാഴ്‌ച്ചകൊടുത്തുതാന്‍
138 മനസ്സിങ്കലും വെളിവു കണ്ടവന്‍
ലൊങ്കിനോസവന്‍ തേറി പിഴയാതെ
139 ഈശോ നാഥന്‍ മരിച്ചതിന്റെ ശേഷം
തന്‍ ശിഷ്യരിലൊരുത്തന്‍ യൗസേപ്പുതാന്‍
140 കാര്യക്കാരനെക്കണ്ടു മിശിഹാടെ
ശരീരം തരുവാനപേക്ഷിച്ചവന്‍
141 പീലാത്തോസനുവാദം കൊടുത്തപ്പോള്‍
കാലം വൈകാതെ ശിഷ്യരും ചെന്നുടന്‍
142 കുരിശില്‍ നിന്നു ദേഹമിറക്കീട്ട്
ശരീരം പൂശിയടക്കി സാദരം
143 ദ്വേഷികളന്നു പീലാത്തോസോടുടന്‍
വൈഷമ്യം ചെന്നു കേള്‍പ്പിച്ചു ചൊല്ലിനാര്‍
144 “മരിച്ചിട്ടു മൂന്നാം ദിവസമുടന്‍
നിര്‍ണ്ണയം ജീവിച്ചുയിര്‍ക്കുന്നുണ്ട് ഞാന്‍
145 എന്നീക്കള്ളന്‍ പറഞ്ഞതുകേട്ടു നാം
ഇന്നതിനൊരുപായം നീ ചെയ്യണം
146 കല്‍ക്കുഴിയതില്‍ കാവല്‍ കല്‌പിക്കണം
അല്ലെങ്കില്‍ ശിഷ്യര്‍ കട്ടീടുമീശ്ശവം
147 ഉയര്‍ത്തുവെന്നു നീളേ നടത്തീടും
ആയതുകൊണ്ടു ഛിദ്രം വളര്‍ന്നുപോം
148 മുമ്പിലുള്ളതില്‍ വൈഷമ്യമായ് വരും
നിന്മനസ്സിപ്പോള്‍ ഞങ്ങള്‍ക്കുണ്ടാകേണം
149 അപ്പോള്‍ പീലാത്തോസീശോടെ കല്‍ക്കുഴി
കാപ്പതിനാളെ ആക്കുവാന്‍ കല്‌പിച്ചു
150 കല്ലടപ്പിന്മേലൊപ്പു കുത്തിച്ചവര്‍
നല്ല കാവലും ചുറ്റിലുറപ്പിച്ചു
151 കല്‌പിച്ചപോലെ സാധിച്ചു കേവലം
മേല്‌പട്ടക്കാരതിനാല്‍ തെളിഞ്ഞുപോയ്
— പതിനൊന്നാം പാദം സമാപ്‌തം —

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Puthen Pana – Paadham 11 (Aakashathil Ninnozhinju) Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) Song Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) Karaoke | Puthen Pana – Paadham 11 (Aakashathil Ninnozhinju) Track | Puthen Pana – Paadham 11 (Aakashathil Ninnozhinju) Malayalam Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) Manglish Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthen Pana – Paadham 11 (Aakashathil Ninnozhinju) Christian Devotional Song Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) Christian Devotional | Puthen Pana – Paadham 11 (Aakashathil Ninnozhinju) Christian Song Lyrics | Puthen Pana – Paadham 11 (Aakashathil Ninnozhinju) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Puthenpana Padham 11

Aakashathil Ninnozhinju Thaamasi
Aakandhakaaram Muzhuthu Maanasse

patham padham padam patam 11 puthenpana puthen pana paana


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *

Views 1797.  Song ID 4622


KARAOKE

If you have the Karaoke URL to this Song, please type-in the URL in the Comment section below or Send it via the Contact Us page to share the Karaoke file with others.