Puthen Pana – Paadham 13 (Shaniyaazhcha Kazhinjoranandharam)


in

Puthen Pana

പതിമൂന്നാം പാദം

കര്‍ത്താവുയിര്‍ത്തതും, ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും, ഉയിര്‍പ്പിന്റെ പരമാര്‍ത്ഥം മറപ്പാന്‍ വേണ്ടി യുദന്മാരും മേല്‌പട്ടക്കാരും മറ്റും വേലചെയ്‌തും മഗ്ദലെത്താ കല്‍ക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചപ്പോള്‍ നേരെന്നുറയ്‌ക്കാതെ കേപ്പാ കല്‍ക്കുഴി നോക്കിക്കണ്ടതും മഗ്ദലൈത്തായ്‌ക്ക് കര്‍ത്താവു കാണപ്പെട്ടതും, ആയതു ശിഷ്യരോടു ചൊല്ലിയതും. കുഴിമാടത്തിങ്കല്‍വച്ചു സ്ത്രീകള്‍ക്ക് മാലാഖാ കാണപ്പെട്ടതും, അവര്‍ ഗ്ലീലായില്‍ പോകുംവഴി കര്‍ത്താവിനെ കണ്ട് കുമ്പിട്ടതും, ശിഷ്യരോട് അറിയിപ്പാന്‍ കല്‍പിച്ചതും, അമ്മാവോസെന്ന കോട്ടയ്‌ക്കല്‍ പോകുന്ന രണ്ടു ശിഷ്യര്‍ക്കു താന്‍ കാണപ്പെട്ടു അവരോട് ഉയിര്‍പ്പിന്റെ സത്യം സാക്ഷിച്ചുറപ്പിച്ചതും, അപ്പം വാഴ്‌ത്തി അവര്‍ക്ക് കൊടുത്ത ശേഷം താന്‍ മറഞ്ഞതും, കേപ്പായ്‌ക്ക് താന്‍ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങളില്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മുറിയില്‍ അവരുടെ ഇടയില്‍ വാതില്‍ തുറക്കാതെ താന്‍ കാണപ്പെട്ടു സ്തുതിചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ച് അവരുടെയിടയില്‍ ഭക്ഷിച്ച് അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീര്‍പ്പാന്‍ വേണ്ടി പിന്നെയും വീട്ടിനുള്ളില്‍ ശിഷ്യര്‍ക്കു കാണപ്പെട്ട് അയാളെ വിശ്വസിപ്പിച്ചതും കടലില്‍ വലയിട്ടിരുന്ന കേപ്പായ്‌ക്കും യോഹന്നാനും കാണപ്പെട്ട് അവരോടുകൂടെ ഭക്ഷിച്ചതും അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു മൂന്നു പ്രാവശ്യം കേപ്പായോടു കല്‌പിച്ചുകൊണ്ടു തന്റെ ജ്ഞാന ആട്ടിന്‍ കൂട്ടത്തെ മേയിക്കുന്നതിന് അയാളെ ഏല്പ്പിച്ചതും, യോഹന്നാന്റെ കാര്യത്തിന് ഉത്തരം അരുളിച്ചെയ്‌തതും.


1 ശനിയാഴ്‌ച കഴിഞ്ഞോരനന്തരം
അന്ധകാരമകന്നു പ്രഭാതമായ്
2 സൂര്യനങ്ങുദിച്ചിടുന്നതിന്‍ മുമ്പെ
ഉയിര്‍ത്തു സ്വദേഹത്തെ ജീവിപ്പിച്ചു
3 പ്രഭയ്‌ക്കൊക്കേയ്‌ക്കും ധാരണമുളളവന്‍
പ്രഭാവത്തോടുകൂടെ രക്ഷാകരന്‍
4 സ്വപുത്ര ദുഃഖമോര്‍ത്തു കന്യാമണി
മുമ്പില്‍ താദൃശ്യവേദന പോക്കിനാന്‍
5 സ്വരൂപം മഹാ സുന്ദര ദൃഷ്‌ടിയാല്‍
പൂര്‍വ്വസങ്കടം മറന്നു കന്യക,
6 “മാതാവേ”യെന്നരുള്‍ ചെയ്‌തു രക്ഷകന്‍
“പ്രതാപത്തിനു താപം മുമ്പായത്
7 ആയിരോഹണം മമ സ്‌തുതിയുടെ
ആയി പിതാവിനിക്കു കല്‍പ്പിച്ചത്
8 ദോഷത്തിന്നുടെ വിഷമുറിക്കുവാന്‍
ഔഷധം കൈച്ചുവെങ്കിലും സേവിച്ചേന്‍
9 എടുത്ത ഭാരംകൊണ്ടു വലഞ്ഞു ഞാന്‍
കടുത്ത ഭാരമിറക്കി വന്നിപ്പോള്‍
10 ദുഃഖം പോക്കുക നിര്‍മ്മല മാതാവേ!
സുഖം മേലിലിനിക്കുണ്ടു സന്തതം
11 എനിക്കുളള ശുഭംകൊണ്ടമ്മയുടെ
മനോസൗഖ്യമറിഞ്ഞിരിക്കുന്ന ഞാന്‍
12 എനിക്കുള്ള ദുഃഖത്താല്‍ വലഞ്ഞുപോല്‍
എന്നുടെ സുഖം കൊണ്ടു തെളിഞ്ഞാലും
13 കഴിഞ്ഞവര്‍ഷം വേനലിതായത്
മഴയും പോയ് കാലം തെളിഞ്ഞത്
14 താന്‍ കല്‌പിച്ചപോലൊക്കെത്തികച്ചു ഞാന്‍
തന്‍ കരുണക്കൊരീഷല്‍ വരുത്താതെ
15 അതുപോലെന്നു സമ്മതിക്കുമുടന്‍
മാതാവന്നേരം സാദരം ചൊല്ലിയാള്‍
16 “പുത്രാ നിനക്കു സ്തുതിയുണ്ടാകേണം
നിന്‍ തിരുവടി സമ്മോദം വാഴേണം
17 അതിനാല്‍ മമ ചിത്ത സമ്പൂര്‍ണ്ണത
അതല്ലാതൊരു ശ്രദ്ധയിനിക്കില്ല
18 ഞാന്‍ നശിക്കിലും നീ സ്വസ്ഥനെങ്കിലോ
ആ നാശത്തിലുമനാശയാകം ഞാന്‍”
19 ഇതമ്മയുണര്‍ത്തിച്ചു സന്തോഷിച്ചു.
പുതനെപ്പിന്നെക്കണ്ടു പലവട്ടം
20 പുലര്‍കാലത്തില്‍ കുലുങ്ങി ഭൂതലം,
മാലാഖാമാരിറങ്ങിയതുനേരം
21 നന്മുഖപ്രഭു മിന്നമതുപോലെ
നിര്‍മ്മല വെളുപ്പുളള കുപ്പായവും
22 കല്‍ക്കുഴിയുടെ അടപ്പു നീക്കുമ്പോള്‍
മേല്‍ക്കല്ലിന്മീതെയിരുന്നു കാത്തൊരു
23 കാവല്‍ക്കാരതിനാല്‍ ഭയപ്പെട്ടു
ജീവന്‍ പൊയ്‌ പോകുമിപ്പോളെന്ന പോലെ
24 അവിടുന്നവരോടിഭ്രമത്താലെ
അവസ്ഥ പട്ടക്കാരോടറിയിച്ചു
25 അവര്‍ കൂടി വിചാരിച്ചുവെച്ചുടന്‍
കാവല്‍ക്കാര്‍ക്കു ദ്രവ്യം കൊടുത്തിട്ട്
26 അവസ്ഥയിതു മിണ്ടരുതെന്നവര്‍
അപേക്ഷിച്ചതിനുപായം ചൊന്നിത്-
27 അന്നു നിങ്ങളുറങ്ങും സമയത്തില്‍
വന്നു ശിഷ്യര്‍ ശവം കട്ടുകൊണ്ടുപോയ്
28 എന്നു ലോകരോടൊക്കെപ്പറയണം
എന്നപോലവര്‍ നടത്തി വേളുസം
29 കല്ലറയ്‌ക്കുള്ളിലിരുന്ന ശരീരത്തെ
കല്ലിന്‍മീതവര്‍ കാത്തിരിക്കും വിധേ
30 കള്ളന്മാരതു കട്ടെന്നു ചൊല്ലിയാല്‍
ഉള്ളതെന്നു കേള്‍ക്കുന്നവര്‍ക്കു തോന്നുമോ?
31 മഗ്ദലെത്താ പുലരുന്നതിന്‍ മുമ്പേ
എത്തി കല്‍ക്കുഴി നോക്കുന്ന തല്‍ക്ഷണം
32 കല്ലടപ്പു നീക്കിയതും കണ്ടപ്പോള്‍
കാലം വൈകാതെയോടിപ്പോയാനവള്‍
33 വാര്‍ത്ത കേപ്പായോടും, യോഹന്നാനോടും
കീര്‍ത്തിച്ചപ്പോളായവരും ചെന്നുടന്‍
34 കേപ്പാ കല്‍ക്കുഴിപുക്കു സൂക്ഷിച്ചതു
അപ്പോളുയിര്‍ത്തുവെന്നു വിശ്വാസമായ്
35 മഗ്ദലൈത്തായും നിന്നു പിരിയാതെ
പാര്‍ത്തു കല്‍ക്കുഴി നോക്കിക്കരഞ്ഞവള്‍
36 വെളുപ്പുളള കുപ്പായധാരികളായ്
ബാല്യമുളേളാരിരുവരെക്കണ്ടുടന്‍
37 അവര്‍ ചോദി “ച്ചെന്ത്യേ കരയുന്നു നീ”
അവരോടുചെയ്‌തു പുണ്യവതി-
38 “എന്‍റെ നാഥനെയെവിടെക്കൊണ്ടുപോയ്
തന്റെ ദേഹം വെച്ചെന്നതറിഞ്ഞില്ല”
39 പിന്തിരിഞ്ഞുടന്‍ നോക്കിയൊരുത്തനെ
കണ്ടു തോട്ടം നോക്കുന്നവനെന്നപോല്‍
40 അയാള്‍ ചൊല്ലി “സ്ത്രീയെന്ത്യേ കരയുന്നു
നീയാരെത്തിരയുന്നതു ചൊല്ലുക”
41 അവളന്നേരം “നീയെടുത്തെങ്കിലോ
എവിടെവെച്ചീശോദേഹം ചൊല്ലുക
42 നാഥന്റെ ദേഹം ഞാനെടുക്കുന്നുണ്ട്”-
നാഥനപ്പോളവളോടരുള്‍ചെയ്‌തു:-
43 “മറിയ”മെന്നു കേട്ടവള്‍ നാഥനെ
അറിഞ്ഞു “ഗുരുവേ” യെന്നുണര്‍ത്തിച്ചു
44 “പിതാവിന്നുടെ സമീപേ പോയില്ല
അതുകൊണ്ടെന്നെത്തൊടല്ലേ ഇക്കാലം
45 എന്റെ ശിഷ്യരോടതറിയിക്ക നീ
നിങ്ങള്‍ക്കുമെനിക്കുമുള്ള താതനാം
46 തമ്പുരാന്‍ പക്കല്‍ പോകുന്നു ഞാനിതാ”
ഇപ്രകാരമരുള്‍ചെയ്‌ത തമ്പുരാന്‍
47 മഗ്ദലൈത്തായിതൊക്കെയും കേള്‍പ്പിച്ചു
അതു നേരെന്നുറച്ചില്ല ശിഷ്യര്‍ക്കു
48 പല നാരികള്‍ പോയവിടെ പിന്നെ
മാലാഖയെക്കണ്ടു കല്‍ക്കുഴിയതില്‍
49 ഉള്‍ക്കിനിവോടവര്‍ നിന്നു പേടിയാല്‍
അക്കാലം ദിവ്യന്‍ ചൊല്ലിയവരോടു
50 “ഇങ്ങിവിടത്തിലീശോയെക്കാണ്‍മാനായ്
നിങ്ങള്‍ വന്നതു കാര്യമറിഞ്ഞു ഞാന്‍,
51 നിങ്ങള്‍ പേടിച്ചീടേണ്ട മാലാഖാ ഞാന്‍
നിങ്ങടെ മനോശ്രദ്ധയതുപോലെ
52 ഭയം നീക്കി വന്നിങ്ങു നോക്കിക്കൊള്‍വിന്‍,
അയ്യാളീസ്ഥലത്തില്ല, ജീവിച്ചത്
53 ഗ്ലീലായില്‍ നിങ്ങളയ്യാളെക്കണ്ടീടും
ചൊല്ലുവിന്‍ നിങ്ങള്‍ സത്യമറിഞ്ഞീടാം”
54 അക്കാലമവിടെന്നു നടന്നവര്‍
പോകുന്ന വഴി കണ്ടു മിശിഹായെ
55 സത്യമായരുള്‍ കേട്ടറിഞ്ഞാരവര്‍
ആ സ്ത്രീകള്‍ തൃക്കാല്‍ നമസ്‌ക്കരിച്ചുടന്‍
56 അന്നേരമരുളിച്ചെയ്‌തു “ഗ്ലീലായില്‍
ചെന്നറിയിപ്പിനെന്റെ ശിഷ്യരോടും
57 അവിടെയെന്നെക്കണ്ടിടും നിര്‍ണ്ണയം”
അവരായതു ചെന്നറിയിച്ചപ്പോള്‍ –
58 “ഭ്രാന്തുചൊന്നിവരെന്നു ശിഷ്യര്‍ ചൊല്ലി
മാനസത്തിലും വിശ്വാസം പുക്കില്ല”.
59 അന്നു രണ്ടു ശിഷ്യന്മാര്‍ പുറപ്പെട്ടു
ചെന്നുകൊള്ളുവാനെമ്മാവോസ് കോട്ടയ്‌ക്കല്‍
60 പോകുന്നേരം മിശിഹാടെ വാര്‍ത്തകള്‍
ആകെത്തങ്ങളില്‍പേശി വഴിയതില്‍
61 അന്നേരം മിശിഹാ വഴിപോക്കനായ്
ചെന്നവരോടുകൂടെ നടന്നു താന്‍
62 ചോദിച്ചു “നിങ്ങളെന്തു പറയുന്നു
ഖേദവും നിങ്ങള്‍ക്കെന്തെന്നു ചൊല്ലുവിന്‍”
63 എന്നു നാഥനവരതിനുത്തരം
ചൊന്നു. “താനറിഞ്ഞില്ലയോ വാര്‍ത്തകള്‍
64 ഈശോയെന്നയാള്‍ നസറായക്കാരന്‍,
ആശ്ചര്യവാക്കു സുവൃത്തിയുളളവന്‍
65 പൈശൂന്യജനം തൂക്കി കുരിശതില്‍
മിശിഹായയ്യാളെന്നു നാം പാര്‍ത്തിത്
66 താനീലോകരെ രക്ഷിക്കുമെന്നോരു
മാനസാഗ്രഹം പുക്കു വഴിപോലെ
67 മൂന്നാം നാളില്‍ മരിച്ചാലുയിര്‍ക്കും ഞാന്‍
എന്നയ്യാള്‍ പറഞ്ഞായതും കണ്ടില്ല.
68 കാലത്തു ചില നാരികള്‍ ചെന്നവര്‍
മാലാഖമാരെ കണ്ടവരെന്നതും
69 അങ്ങു നാഥനുയിര്‍ത്തെന്നും കണ്ടെന്നും
ഞങ്ങള്‍ക്കായതിനാല്‍ പല ചിന്തയായ്”
70 എന്നിവരുണര്‍ത്തിച്ചതിനുത്തരം
അന്നേരം സകലേശനരുള്‍ചെയ്‌തു:-
71 “ഇന്നു നിങ്ങള്‍ പകച്ചതെന്തിങ്ങനെ
മന്ദമാനസമുളള മൂഢന്മാരെ
72 മുമ്പില്‍ നിവ്യന്മാര്‍ ചൊന്നതു ചിന്തിപ്പാന്‍
തുമ്പമുണ്ടോ വരുത്തിയയ്യാളതില്‍
73 ഇങ്ങനെയീശോ പാടുപെടുമെന്നും
അങ്ങയാളിതെല്ലാം ക്ഷമിക്കുമെന്നും,
74 സത്യം മുമ്പറിവാളരെഴുതിയ
ശാസ്‌ത്രത്തില്‍ സിദ്ധിയില്ലയോ നിങ്ങള്‍ക്ക്
75 ശാസ്‌ത്രത്തിന്നുടെ പൊരുള്‍ തിരിച്ചു താന്‍
സത്യമങ്ങു ബോധിപ്പിച്ചെഥോചിതം
76 പകലസ്‌തമിച്ചീടുന്ന കാലത്തില്‍
അക്കാലം പിരിഞ്ഞീടുവാന്‍ ഭാവിച്ചു.
77 അവരും ചോദിച്ചെങ്ങു പോകുന്നു താന്‍
ദിവസം പോയി രാത്രിയുമായല്ലോ?
78 പാര്‍ത്തുകൊളളുക കര്‍ത്താവേയെന്നവര്‍,
ഓര്‍ത്തില്ലാരെന്നറിയാതെ ചൊന്നിത്
79 അപ്പോളീശോ താന്‍ പാര്‍ത്തു വിരുന്നതില്‍
അപ്പം വാഴ്‌ത്തിയവര്‍ക്കു കൊടുത്തു താന്‍
80 മിശിഹായെയറിഞ്ഞു ശിഷ്യന്മാരും
ഈശോ താനപ്പോള്‍ മാഞ്ഞുമിന്നല്‍പോലെ
81 അവിടെന്നവരോടിയുടന്‍ ചെന്ന്
അവസ്ഥ ശിഷ്യരോടറിയിച്ചപ്പോള്‍
82 ഇങ്ങിനെയവര്‍ ചൊന്നതു കേട്ടപ്പോള്‍
ഞങ്ങളും ഗ്രഹിച്ചെന്നിവരോടവര്‍
83 കര്‍ത്താവുയിര്‍ത്തു ശെമോന്‍ കേപ്പായിക്ക്
പ്രത്യക്ഷനായെന്നയാള്‍ പറഞ്ഞഹോ
84 ഇതു തമ്മില്‍ പറഞ്ഞിരിക്കും വിധേ
പ്രത്യക്ഷനായി വാതില്‍ തുറക്കാതെ
85 അടച്ച വീട്ടിനുള്ളില്‍ ശിഷ്യരുടെ
നടുവില്‍ ചെന്നുനിന്നു മിശിഹാ താന്‍
86 സ്വത്വം ചൊല്ലി ശിഷ്യര്‍ക്കു ഗുരൂത്തമന്‍
“ചിത്തഭീതി നീക്കീടുവിന്‍, ഞാന്‍ തന്നെ
87 കയ്യും, കാലും, ശരീരവും നോക്കുവിന്‍”
ആയതിനാലും വിശ്വാസം പുക്കില്ല.
88 അന്നേരമീശോ ഭക്ഷണം ചോദിച്ചു
അന്നു തേന്‍ കൂടും മീന്‍ നുറുക്കുമീശോ
89 തിന്നു ശിഷ്യര്‍ക്കു വരുത്തി വിശ്വാസം
പിന്നെ ദൈവവാക്കിന്നുടെ സത്യവും
90 കാട്ടി വിശ്വാസമാക്കിയവര്‍കളെ
കേട്ടുകൊണ്ടവര്‍ സമ്മതിച്ചാദരാല്‍
91 തോമ്മായസ്ഥലത്തില്ലാത്ത കാരണം
തന്മനസ്സിങ്കല്‍ സംശയം തീര്‍ന്നില്ല
92 ഇതു ശിഷ്യരു ചൊന്നതു കേട്ടാറെ
അതിനുത്തരം ചൊല്ലിയവരോട്
93 “എന്റെ നാഥനെ ഞാന്‍ തന്നെ കാണേണം
തന്റെ ദയാവിലാവിന്‍ മുറിവതില്‍
94 എന്റെ കൈവിരല്‍ തൊട്ടൊഴിഞ്ഞെന്നിയെ
എന്റെ സംശയം തീരുകയില്ലഹോ”
95 എന്നു തോമ്മാ പ്രതിജ്ഞ പറഞ്ഞാറെ
പിന്നെയെട്ടുനാള്‍ ചെന്ന ഞായര്‍ വരെ
96 വീട്ടകത്തു ശിഷ്യജനമെല്ലാവരും
പൂട്ടി വാതില്‍ക്കകത്തിരിക്കുന്നപ്പോള്‍
97 അതിനുള്ളിലെഴുന്നെള്ളി തമ്പുരാന്‍
പ്രത്യക്ഷനായരുള്‍ചെയ്‌തു സത്വരം
98 “തോമ്മാ! വാ! നീ മുറിവതില്‍ തൊട്ടുകൊള്‍
നിന്‍ മനസ്സിലെ സംശയം തീര്‍ക്കടോ?”
99 ചെന്നു കൈവിരല്‍തൊട്ടു മുറിവതില്‍
തീര്‍ന്നു സംശയം വിശ്വസിച്ചാനവന്‍
100 തന്റെ തൃക്കാല്‍ വന്ദിച്ചുണര്‍ത്തിച്ചുടന്‍
എന്റെ നാഥനും, തമ്പുരാനും നീയേ
101 എന്നു തോമ്മാ പറഞ്ഞപ്പോള്‍ നായകന്‍:-
“ഇന്നു നീയെന്നെ കണ്ടു വിശ്വാസമായ്
102 എന്നെക്കാണാതെ കേട്ടുള്ളഴിവോടെ
എന്നെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍”
103 മീന്‍ പിടിപ്പാനായക്കാലം ശിഷ്യരില്‍
കേപ്പാ യോഹന്നാന്‍ പോയി കടലതില്‍
104 ആ രാതിയൊരു മീനും ലഭിച്ചില്ല
നേരവും വെളുത്തീടുന്ന കാലത്ത്
105 കടല്‍ തന്‍കരെ നിന്നു മിശിഹാതന്‍
കൂട്ടുവാന്‍ ശിഷ്യരോടു ചോദിച്ചപ്പോള്‍
106 ആളറിയാതെയില്ലെന്നു ചൊന്നവര്‍
വളരെ വേലചെയ്‌തു ലഭിച്ചില്ല
107 അവരിങ്ങനെ ചൊന്നതു കേട്ടപ്പോള്‍
അവരോടരുള്‍ച്ചെയ്‌തു മിശിഹാതാന്‍:-
108 തോണിക്കു വലതുഭാഗത്തു വീശുവാന്‍
കാണും മത്സ്യങ്ങള്‍ കിട്ടുമെന്നിങ്ങിനെ
109 കല്‌പന കേട്ടു വീശി വലയില-
നല്‌പം മീനും നിറഞ്ഞോരനന്തരം
110 അപ്പോളാ വലപൊക്കുവാന്‍ ദണ്ഡുമായ്
കേപ്പാ നാഥനിയാളെന്നറിഞ്ഞുടന്‍
111 ചാടി തോണിയില്‍ നിന്നു കടലതില്‍
ഉടന്‍ നീന്തിയണഞ്ഞു കരയ്‌ക്കയ്യാള്‍
112 കരയ്‌ക്കെല്ലാരും വന്നണഞ്ഞ ക്ഷണം
ആരെന്നെല്ലാരും ചിന്തിച്ചു മാനസേ
113 അന്നേരമപ്പം തീക്കനല്‍ മീനുമായ്
വന്നു ശിഷ്യരും ഭക്ഷിച്ചനന്തരം
114 മീനുമപ്പവും പകുത്തു തിന്മാനായ്
താനവര്‍ക്കു കൊടുത്തു കരുണയാല്‍
115 ഭക്തപ്രിയന്‍ പരന്‍ കരുണാകരന്‍
ഭക്തവാത്സല്യമിങ്ങനെ കാട്ടിനാന്‍
116 തീന്‍കഴിഞ്ഞു കേപ്പായോട് ചോദിച്ചു:-
“കേള്‍ക്ക കേപ്പാ നീയെന്നെ സ്‌നേഹിക്കുന്നോ? “
117 “കര്‍ത്താവേയതു നീയറിയുന്നല്ലോ”
ഉത്തരമതുകേട്ടു മിശിഹാതന്‍
118 “എന്റെ ആടുകള്‍ മേയ്‌ക്കു നീയെന്നുടന്‍
പിന്നെയുമതു ചോദിച്ചു കേട്ടിതു
119 മൂന്നാം വട്ടവും ചോദിച്ചകാരണം
മനോസംഭ്രമത്തോടുണര്‍ത്തിച്ചയ്യാള്‍;
120 “നിന്റെ കണ്ണിന്നു രഹസ്യമില്ലല്ലോ?
നിന്നെ സ്‌നേഹമുണ്ടെന്നറിഞ്ഞല്ലോ നീ”
121 അന്നേരമീശോ കേപ്പായെ കേട്ടുകൊള്‍
എന്റെയാടുകള്‍ മേയ്‌ക്ക വഴിപോലെ
122 ബാല്യമുള്ളപ്പോള്‍ പോം നിന്‍ മനസ്സുപോല്‍
കാലം വന്നിടുമെന്നു മറ്റൊരുത്തന്‍
123 നിന്നെ കെട്ടീടും നീട്ടും നീ കൈകളും
എന്നെയോര്‍ത്തു ക്ഷമിക്കും നീയൊക്കെയും
124 മുമ്പേ പേടിക്കുമെന്നരുള്‍ ചെയ്‌തപോല്‍
ഇപ്പോള്‍ തന്നെപ്രതി മരിക്കുമെന്നും
125 ഈവണ്ണമരുളിച്ചെയ്‌തു കേട്ടപ്പോള്‍
ദേവനോടുണര്‍ത്തിച്ചിതു കേപ്പാ താന്‍
126 “ഇവ യോഹന്നാനെങ്ങനെ” എന്നപ്പോള്‍
“ഞാന്‍ വരുവോളം പാര്‍ക്കുമെ” ന്നിങ്ങനെ
127 നിനക്കെന്തതിനാലെന്നരുള്‍ചെയ്‌ത
അവനിതു കല്‌പിച്ചതു കേട്ടുടന്‍
128 എന്നതുകൊണ്ടിരിക്കും മരിക്കാതെ
എന്നൊരു ബോധം ശിഷ്യര്‍ക്കു തോന്നിപ്പോയ്
129 തമ്പുരാനരുളിച്ചെയ്‌തില്ലതാനും
ഞാന്‍ വരുവോളം പാര്‍ക്കുമതേയുളളു.
— പതിമൂന്നാം പാദം സമാപ്‌തം —


Your email address will not be published. Required fields are marked *
Views 124.  Song ID 4626

KARAOKE

If you have the Karaoke URL to this Song, please type-in the URL in the Comment section below or Send it via the Contact Us page to share the Karaoke file with others.